LiveTV

Live

National

അയോധ്യയിലെ ഭൂമി പൂജക്ക് മുന്നോടിയായി കമൽനാഥ് ഹനുമാൻ സ്തോത്രം ഉരുവിടും

ചൊവ്വാഴ്ച വൈകുന്നേരമാണ് ചടങ്ങെന്ന് കോൺ​ഗ്രസ് വക്താവ് ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

അയോധ്യയിലെ ഭൂമി പൂജക്ക് മുന്നോടിയായി കമൽനാഥ് ഹനുമാൻ സ്തോത്രം ഉരുവിടും

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണെന്ന് മധ്യപ്രദേശിലെ കോൺ​ഗ്രസ് അധ്യക്ഷൻ കമൽനാഥ്. ഭൂമി പൂജ നടക്കുന്നതിന് മുന്നോടിയായി ഹനുമാൻ സ്തോത്രം ഉരുവിടൽ ചടങ്ങ് നടത്താനും കമൽനാഥ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ചടങ്ങെന്ന് കോൺ​ഗ്രസ് വക്താവ് ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

'നാഥ്ജിയുടെ വസതിയിലാണ് ചടങ്ങ്. അദ്ദേഹം ഹനുമാന്റെ വലിയ ഭക്തനാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങ്. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സ്വന്തം വീടുകളിൽ ഹനുമാൻ ചാലിസ ഉരുവിടാൻ അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്'- ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിർമാണം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് കമൽനാഥ് ഇന്നലെ പറഞ്ഞത്. രാജ്യത്തെ ജനങ്ങൾ ഇത് ഏറെക്കാലമായി ആ​ഗ്രഹിക്കുന്നു. ജനങ്ങളുടെ സമ്മതത്തോടെയാണ് നിർമാണം. ഇത് ഇന്ത്യയിൽ മാത്രമേ നടക്കൂ എന്നും കമൽനാഥ് പറഞ്ഞു.

മറ്റൊരു കോൺ​ഗ്രസ് നേതാവായ ദി​ഗ്‍വിജയ് സിങ് പറഞ്ഞത് രാമക്ഷേത്ര നിർമാണം മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയും ആ​ഗ്രഹിച്ചിരുന്നുവെന്നാണ്. ശ്രീരാമനാണ് വിശ്വാസങ്ങളുടെ കേന്ദ്രം. ശ്രീരാമനിലുള്ള വിശ്വാസം കൊണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വേണമെന്ന് എല്ലാവരും ആ​ഗ്രഹിക്കുന്നത് അതുകൊണ്ടാണെന്നും ദി​ഗ്‍വിജയ് സിങ് പറഞ്ഞു.

അതേസമയം രാമക്ഷേത്ര നിർമാണം വൈകിപ്പിച്ചത് കോൺ​ഗ്രസ് ആണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു. കപിൽ സിബലിനെ പോലുള്ള കോൺ​ഗ്രസ് നേതാക്കൾ കോടതിയിൽ രാമക്ഷേത്ര നിർമാണത്തിനെതിരെ വാദിച്ചു. ശ്രീരാമൻ ഭാവനാസൃഷ്ടിയാണെന്ന് പറഞ്ഞു. രാമസേതു ഇല്ലെന്നാണ് കോൺ​ഗ്രസുകാർ പറഞ്ഞതെന്നും മിശ്ര കുറ്റപ്പെടുത്തി.