LiveTV

Live

National

'ഡൽഹി കലാപത്തിന് എല്ലാ നിര്‍ദേശവും തന്നത് കപിൽ മിശ്ര, എന്റെ അറിവിൽ മൂന്ന് മുസ്‍ലിംകളെ ചുട്ടുകൊന്നു'; വെളിപ്പെടുത്തലുമായി ഹിന്ദുത്വവാദി

‘ഡൽഹി കലാപത്തിന് എല്ലാ നിര്‍ദേശവും തന്നത് കപിൽ മിശ്ര;എന്റെ അറിവിൽ മൂന്ന് മുസ്‍ലിംകളെ ചുട്ടുകൊന്നു,പൊലീസ് നൽകിയത് സമ്പൂര്‍ണ പിന്തുണ’;കലാപം സംഘടിപ്പിച്ചത് തങ്ങളെന്ന് ഹിന്ദു കലാപകാരിയുടെ വെളിപ്പെടുത്തൽ

'ഡൽഹി കലാപത്തിന് എല്ലാ നിര്‍ദേശവും തന്നത് കപിൽ മിശ്ര, എന്റെ അറിവിൽ മൂന്ന് മുസ്‍ലിംകളെ ചുട്ടുകൊന്നു'; വെളിപ്പെടുത്തലുമായി ഹിന്ദുത്വവാദി

ഡൽഹി വടക്ക് കിഴക്ക് ജില്ലയിൽ ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ കലാപം നടത്തിയത് തങ്ങളെന്ന് വെളിപ്പെടുത്തി ഹിന്ദുത്വവാദി രംഗത്ത്. 'ദി കാരവന്‍' മാഗസിന്  നല്‍കിയ അഭിമുഖത്തിലാണ് കലാപകാരിയുടെ വെളിപ്പെടുത്തൽ. കല്ലുകളും, ലാത്തിയും, വാളും, തോക്കുകളുമടക്കം എല്ലാം ബജ്റംഗ്ദൾ പ്രവര്‍ത്തകരാണ് നൽകിയത്. കലാപത്തെക്കുറിച്ചും അന്ന് നടന്ന കൊലപാതകങ്ങളെക്കുറിച്ചും 22 കാരനായ ഹിന്ദു കലാപകാരിയാണ് വെളിപ്പെടുത്തിയത്.

ഡല്‍ഹി പൊലീസിന്റെ പിന്തുണയോടെയാണ് മുസ്‌ലിംകളെ ആക്രമിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി. കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്നുവെന്ന് ചോദിച്ചാണ് അഭിമുഖം ആരംഭിക്കുന്നത്. ‘ഞാന്‍ ആളുകളെ മര്‍ദ്ദിച്ചു. കടകള്‍ തീയിട്ട് നശിപ്പിച്ചു, 786 എന്ന് എഴുതിവെച്ച ബൈക്കുകൾ തടഞ്ഞുനിര്‍ത്തി അഗ്നിക്കിരയാക്കി. ഇത് നിരവധി തവണ ആവര്‍ത്തിച്ചു.’-22 കാരൻ പറഞ്ഞു.

ആരേയും കൊലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഇയാൾ മൂന്നോളം കൊലപാതകത്തിന് സാക്ഷിയായെന്നും നിരവധി പേരെ മര്‍ദ്ദിച്ചുവെന്നും അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. അതിലൊരാളുടെ മരണം ഇയാൾ വിശദീകരിച്ചതിങ്ങനെ: “ഒരുത്തനെ ജീവനോടെ കത്തിച്ചു. അയാളൊരു മുസ്‍ലിമായിരുന്നു. ഹിന്ദുക്കളായ യുവാക്കൾ അയാളെ തടഞ്ഞ് നിര്‍ത്തി ജയ്ശ്രീറാം ചൊല്ലാൻ പറഞ്ഞു. കാൽഗഢ് റോഡിലായിരുന്നു സംഭവം. ഈഗോ കാരണം അയാൾ വിസമ്മതിച്ചു. പോരാത്തതിന് നല്ല ആകാരവും ഉണ്ടായിരുന്നു. രക്ഷപ്പെടുമെന്ന് കരുതി. പക്ഷെ ആളുകൾ തടിച്ചുകൂടാൻ തുടങ്ങി. നന്നായി ദേഹോപദ്രവം ഏൽപിച്ചു. വശം വദനായ അയാളെ കാറിലിട്ട് പച്ചക്ക് തീ കൊളുത്തി കത്തിച്ചു.”ഇങ്ങനെ നിരവധി കാറുകൾ അഗ്നിക്കിരയാക്കി. എന്റെ അറിവിൽ മൂന്ന് പേരെയെങ്കിലും ചുട്ടുകൊന്നു.

ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച ശേഷമായിരുന്നു ഞങ്ങള്‍ ആളുകളെ മ൪ദിച്ചിരുന്നത്. ആധാര്‍ കാര്‍ഡ് വരെ പരിശോധിച്ചിരുന്നു. വാഹനങ്ങൾ തടഞ്ഞ് നിര്‍ത്തി. ഹിന്ദുവെന്ന് പറഞ്ഞവരെ സഹായിക്കുകയും മുസ്‌ലിമെന്ന് പറഞ്ഞവരെ മര്‍ദ്ദിക്കുകയും ചെയ്തു. ആരെങ്കിലും പേര് മാറ്റിപ്പറഞ്ഞതാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ അവരുടെ നമ്പര്‍ പ്ലേറ്റ് നോക്കി ഏത് മതവിഭാഗക്കാരന്റേതാണ് ആ വണ്ടിയെന്ന് പരിശോധിക്കും. ആറോ ഏഴോ വാഹനങ്ങള്‍ താൻ കത്തിച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.

‘പൊലീസ് തന്നത് സമ്പൂര്‍ണ പിന്തുണ’

‘പിന്തുണ നൽകി. എല്ലാ തരത്തിലുമുള്ള പിന്തുണ. സമ്പൂര്‍ണമായും അവര്‍ കൂടെയുണ്ടായിരുന്നു.’ ഈ സമയത്ത് പൊലീസ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഇയാൾ നൽകിയ മറുപടിയാണിത്. ആളുകൾ പരസ്പരം കലഹിക്കും. അതിൽ ഒരു കൂട്ടരെ എത്രകാലം ഇങ്ങനെ സംരക്ഷിക്കും. നിങ്ങള്‍ ഗല്ലികക്ഷക്കകത്തേക്ക് പോയി ചെയ്തോളൂ. ഒരു കുഴപ്പവുമില്ല. ഇതൊരു അവസരമാണ് നിങ്ങൾക്കെന്നും പൊലീസ് പറഞ്ഞതായി ഇയാൾ വെളിപ്പെടുത്തി. തുടര്‍ന്നങ്ങോട്ട് തുടരെ തുടരെ അക്രമമായിരുന്നു. ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ അവസാനിപ്പിക്കാന്‍ പറയുന്നത് വരെ നിങ്ങള്‍ക്ക് തുടരാമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബജ്റംഗ്‍ദളിന്റെ പങ്ക്

‘എന്റെ കയ്യില്‍ ഒരു ലാത്തിയുണ്ടായിരുന്നു. ബജ്‌റംഗ്‍ദളില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ചില ആളുകളെ പരിചയപ്പെട്ടിരുന്നു. അവരാണ് ലാത്തി തന്നത്. അവര്‍ ഞങ്ങള്‍ക്ക് കുറച്ചധികം ലാത്തികള്‍ തന്നു. പൊലീസുകാരുടെ കൈയ്യില്‍ ഉള്ളതുപോലത്തെ. ഇഷ്ടികളും കല്ലുകളും ദണ്ഡുകളും അവരുടെ കൈവശം ഉണ്ടായിരുന്നു. മൂന്ന് നാല് പേരുടെ കൈയ്യില്‍ തോക്കും ഉണ്ടായിരുന്നു. ആദ്യ സമയത്തൊന്നും വെടിവെച്ചിരുന്നില്ല. പിന്നെ രാത്രിയായപ്പോഴാണെന്ന് തോന്നുന്നു. ഞങ്ങളുടെ മുന്നില്‍ വെച്ച് അവര്‍ വെടിയുതിര്‍ത്തിട്ടില്ല.’

വാളുകളും ഇരുമ്പ് ദണ്ഡും ലാത്തിയും കല്ലും എല്ലാം കൊണ്ട് തങ്ങൾ നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായിരുന്നുവെന്നാണ് ഇയാൾ മറുപടി നല്‍കിയത്.

തോന്നുന്നത് എന്തും ചെയ്യാനായി രണ്ട് മണിക്കൂര്‍ സമയം തരുകയാണെന്ന് പൊലീസ് പറഞ്ഞതായും ഇയാൾ അഭിമുഖത്തിൽ വ്യക്തമാക്കി. ആം ആദ്മിയെന്നോ സമാജ്‌വാദി പാര്‍ട്ടിയെന്നോ കോണ്‍ഗ്രസെന്നോ ഉള്ള വ്യത്യാസം ഇവിടെ കാണിക്കരുതെന്നും ഹിന്ദുവാണെന്ന ഒരൊറ്റ വികാരത്തില്‍ വേണം യുദ്ധം ചെയ്യാന്‍ എന്നുമായിരുന്നു നിര്‍ദേശമെന്നും ഇയാൾ കൂട്ടിച്ചേര്‍ത്തു.

മുസ്‍ലിം വിരോധം ജനിപ്പിച്ച വാട്സാപ് സന്ദേശങ്ങൾ

'ഫെബ്രുവരി 23 നാണ് വാട്‌സാപ്പില്‍ കലാപവുമായി ബന്ധപ്പെട്ട ആദ്യ സന്ദേശം ലഭിക്കുന്നത്. ബ്രഹ്മപുരിയില്‍ മുസ്‌ലിംകള്‍ ഒരു ഹിന്ദു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു ആ സന്ദേശം. വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഒരു ഹിന്ദു സഹോദരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് നമ്മള്‍ നിശബ്ദരായിപ്പോകുന്നത് എന്നായിരുന്നു അതില്‍ വന്ന ചോദ്യം. അങ്ങനെയാണ് ഞാനും ക്ഷുഭിതനായത്. നിരവധി വീഡിയോകളും ഇതിനൊപ്പം വന്നു. ഒരു പള്ളിയില്‍ നിന്നും വന്ന അനൗണ്‍സ്‌മെന്റ് അതില്‍ ഒന്ന്. ഇപ്പോള്‍ ആരേയും അക്രമിക്കരുത്. രണ്ട് മണിക്ക് ശേഷം ഹിന്ദുക്കളെ ആക്രമിക്കാം എന്നായിരുന്നു പള്ളിയില്‍ നിന്നും വരുന്നതായി കേട്ട സന്ദേശം. അതിന് ശേഷം നിരവധി സന്ദേശങ്ങള്‍ വന്നു. എവിടേക്ക് പോകണം എന്തുചെയ്യണം എന്നതടക്കം തീരുമാനിച്ചിരുന്നു.'- കലാപകാരി പറഞ്ഞു.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര കാര്യങ്ങള്‍ എല്ലാം നന്നായി ചെയ്‌തെന്നും ഇദ്ദേഹം വീഡിയോയില്‍ എടുത്തുപറഞ്ഞു. അവര്‍ 30 ശമതാനമേയുള്ളൂ. നമ്മൾ 70 ശതമാനമുണ്ട്. പിന്നെ എന്തിന് അവരെ പേടിക്കണം. ഇപ്പോള്‍ അവര്‍ക്ക് ഹിന്ദുക്കള്‍ ഒന്നാണെന്ന് അറിയാം. നേരത്തെ ഇതായിരുന്നില്ല അവസ്ഥ. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ തന്നെ ‘അത് വിട്ടേക്കാം’ എന്ന തരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദുക്കള്‍ ഒന്നാണ്. മുസ്‍ലിംകളായത് കൊണ്ട് തന്നെ അവരൊരിക്കലും നന്നാവുകയില്ല. അവരെ ഇവിടെ നിന്നും പുറത്താക്കിയിരിക്കുമെന്നും കരാവൽ നഗര്‍ സ്വദേശിയായി ഇയാൾ പറഞ്ഞു.

‍‍‍ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഡല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത്. 2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കൂടിയാണ് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.