LiveTV

Live

National

ഹാനി ബാബു വേട്ടയാടപ്പെടുന്നത് ഡൽഹി സർവകലാശാലയിലെ സംവരണാവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെ പേരില്‍

എസ്.സി, എസ്.ടി സംവരണത്തിനു വേണ്ടി കോടതിയിൽ ഹരജികൾ സമർപ്പിക്കുന്നതിലും സംവരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഹാനി ബാബു

ഹാനി ബാബു വേട്ടയാടപ്പെടുന്നത് ഡൽഹി സർവകലാശാലയിലെ സംവരണാവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെ പേരില്‍

എൽഗാർ പരിഷത്ത് - ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്ത ഹാനി ബാബു, ഡൽഹി സർവകലാശാലയിൽ സംവരണം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമാണ് വേട്ടയാടപ്പെടുന്നതെന്ന് ഡൽഹിയിലെ അക്കാദമിക് വിദഗ്ധർ പറഞ്ഞു.

ഒ.ബി.സി ക്വാട്ടയുമായി ബന്ധപ്പെട്ട നിയമബാധ്യതകൾ ഡൽഹി സർവകലാശാല നേരത്തെ തന്നെ പൂർത്തീകരിക്കുന്നില്ല. സർവകലാശാലയ്ക്കു കീഴിലുള്ള ഓരോ യൂണിവേഴ്സിറ്റിയിലെയും വിവരങ്ങൾ വിവരാവകാശ അപേക്ഷകളിലൂടെ ശേഖരിച്ച ബാബു, അതിലെ അപാകതകൾ വെളിപ്പെടുത്തി. എസ്.സി, എസ്.ടി സംവരണത്തിനു വേണ്ടി കോടതിയിൽ ഹരജികൾ സമർപ്പിക്കുന്നതിലും സംവരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും അദ്ദേഹം ഭാഗഭാക്കായി.

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ
Also Read

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ

ഹാനി ബാബു രാഷ്ട്രീയക്കാരെ കാണുകയും അങ്ങനെ വിഷയം പാർലമെന്റിൽ ഉയർത്തപ്പെടുകയും ചെയ്തു. തദ്ഫലമായി, ക്വാട്ട വഴി സീറ്റുകൾ നികത്താൻ സർവകലാശാല നിർബന്ധിതരായി, ഈ സീറ്റുകളിൽ വലിയൊരു വിഭാഗം നേരത്തെ അനൗദ്യോഗികമായി പൊതുക്വാട്ട പ്രവേശനം കൊണ്ട് നികത്തപ്പെട്ടിരുന്നു. അധ്യാപക തസ്തികകളിലും സംവരണം നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

‘അക്കാദമിക് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്’ന്റെ ജനറൽ സെക്രട്ടറിയാണ് ഭാഷാശാസ്ത്രജ്ഞനായ ഹാനി ബാബു, ഫോറത്തിന്റെ പ്രവർത്തനത്തിലൂടെ സംവരണം നടപ്പാക്കുന്നത് മറ്റു കേന്ദ്ര സർവകലാശാലകളിലേക്കും കൂടി വ്യാപിച്ചു. വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ഫോറം നിലകൊണ്ടു. ഈ പ്രവർത്തനങ്ങളെല്ലാം ഒരു ഭീഷണിയായിട്ടാണ് സർക്കാർ കണ്ടതെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞു.

'ഹിന്ദു ഫാഷിസത്തെ എതിർക്കുന്നവരെ സർക്കാരിന് ഭയം': ഹാനി ബാബുവിന്റെ അറസ്റ്റിൽ അരുന്ധതി റോയി
Also Read

'ഹിന്ദു ഫാഷിസത്തെ എതിർക്കുന്നവരെ സർക്കാരിന് ഭയം': ഹാനി ബാബുവിന്റെ അറസ്റ്റിൽ അരുന്ധതി റോയി

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് നാഗ്പൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന, 90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന ഡി.യു പ്രൊഫസർ ജി.എൻ സായിബാബയെപ്പോലുള്ള രാഷ്ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടി ശബ്ദമുയർത്തുന്ന പ്രസ്ഥാനങ്ങളിലും, സൗമ്യമായി സംസാരിക്കുന്ന ഗൗരവക്കാരനായ അക്കാദമിക് എന്ന് പലരും വിളിക്കുന്ന, 54 കാരനായ ഈ കേരളീയൻ സജീവസാന്നിധ്യമായിരുന്നു.

'സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലുമുള്ള പ്രശ്നങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും സൂക്ഷ്മതലത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു. അത് അധികാരവർഗത്തെ സംബന്ധിച്ചിടത്തോളം ഭീഷണിയായിരുന്നു.'; ഡൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ സരോജ് ഗിരി പറഞ്ഞു. തീവ്ര ഇടതുപക്ഷ വലയത്തിനപ്പുറമുള്ള ഒരു പിന്തുണാടിത്തറ ബാബുവിനുണ്ട്, വിദ്യാർഥി, അധ്യാപക സമൂഹത്തെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്റെ അറസ്റ്റ് സർക്കാറിനെതിരെ തിരിച്ചടിക്കുമെന്നും ഗിരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ 13 വർഷമായി ബാബുവിനെ തനിക്കറിയാമെന്നും, അദ്ദേഹത്തിനെതായ കേസ് കെട്ടിച്ചമച്ചതാണെന്നും, രാജ്യത്തിന്റെ “ജനാധിപത്യ ചൈതന്യത്തെ ദുർബലപ്പെടുത്തുന്നതാണ്” ബാബുവിനെ അറസ്റ്റ് ചെയ്ത നടപടിയെന്നും, ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സഹപ്രവർത്തകനും, ട്രേഡ് യൂണിയനിസ്റ്റും അംബേഡ്കറൈറ്റുമായ സച്ചിൻ എൻ പറഞ്ഞു.

സമത്വവാദത്തെ നിരാകരിക്കുന്ന ഒന്നായി ബി.ജെ.പി-ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ വിശേഷിപ്പിച്ച അദ്ദേഹം, സംവരണം കൂടുതലും കടലാസിൽ മാത്രമാണ് നടപ്പിലായതെന്ന് കാണിച്ചു തന്ന ബാബുവിന്റെ പ്രവർത്തനം, നിലവിലെ സ്ഥിതിഗതികളുടെ ഒരു കാരണമായ, ഉന്നതവിദ്യാഭ്യാസരംഗത്തെ മേൽജാതി അഭിപ്രായാധിപത്യത്തെ തുറന്നുകാണിച്ചുവെന്ന് പറഞ്ഞു. ബി.ജെ.പി-ആർ.എസ്.എസ്സിന്റെ ബ്രാഹ്മണ പദ്ധതിയെ എതിരിടുന്നതായിരുന്നു അത്, അദ്ദേഹം കൂട്ടിച്ചേർത്തു.

സെന്റ് സ്റ്റീഫൻ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ കാരൻ ഗബ്രിയേൽ ബാബുവിനൊപ്പം സായിബാബയുടെ മോചനത്തിനു വേണ്ടി നിലകൊള്ളുന്ന ‘കമ്മിറ്റി ഫോർ ഡിഫൻസ് ആന്റ് റിലീസ് ഓഫ് സായിബാബ’ സമിതിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. സാമൂഹ്യ സമത്വത്തിനായി സജീവമായി പ്രവർത്തിക്കുകയും, പ്രസ്തുത വിഷയങ്ങളെ കുറിച്ച് ശബ്ദമുയർത്തുകയും എഴുതുകയും ചെയ്യുന്നവരാണ് വേട്ടയാടപ്പെടുന്നതെന്ന് അവർ ചൂണ്ടികാട്ടുന്നു. അത്തരം നടപടികളിലൂടെ ആളുകളുടെ മനസ്സിൽ ഭയം കുത്തിവെച്ച് അവരെ സ്വയം സെൻസർഷിപ്പിന് നിർബന്ധിതരാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഗബ്രിയേൽ പറഞ്ഞു.

'സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കു വേണ്ടി വാദിക്കുന്നവരെ നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്'; ഡൽഹി സർകലാശാലയിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വികാസ് ഗുപ്ത പറഞ്ഞു.

'ജോലിയിൽ പൂർണമായും മുഴുകിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു, ദിവസങ്ങളോളം അദ്ദേഹം വീട്ടിൽ വരില്ല. അദ്ദേഹം നടത്തിയ പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹം ശിക്ഷിക്കപ്പെടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും.'; ബാബുവിന്റെ ജീവിതപങ്കാളി ജെന്നി റൊവീന പറഞ്ഞു.

ഡല്‍ഹി സര്‍വകലാശാല അധ്യാപിക ജെനി റൊവീനയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി
Also Read

ഡല്‍ഹി സര്‍വകലാശാല അധ്യാപിക ജെനി റൊവീനയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി

ജൂലൈ 28ന് അറസ്റ്റ് ചെയ്തതിന് ശേഷം ചോദ്യം ചെയ്യലിനായി എൻ.ഐ.എ കസ്റ്റഡിയിലാണ് ഹാനി ബാബു ഇപ്പോഴുള്ളത്. നിരോധിത സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബാബുവിന് ബന്ധമുണ്ടെന്നും, നക്സലൈറ്റ് പ്രസ്ഥാനങ്ങളെയും പ്രവർത്തനങ്ങളെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ടെന്നുമാണ്, ബാബുവിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ കോടതിയോട് എൻ.ഐ.എ പറഞ്ഞത്.

വിവര്‍ത്തനം - ഇർഷാദ് കാളാച്ചാൽ

കടപ്പാട് - ഫ്രീ പ്രസ് ജേര്‍ണല്‍ ( https://www.freepressjournal.in/india/elgar-parishad-case-delhi-academics-say-hany-babu-targeted-for-his-reservation-quota-workin-du )