LiveTV

Live

National

രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നു

മുതിർന്ന നേതാക്കളും വിവിധ യോഗങ്ങളിലായി രാജ്യസഭ - ലോക്സഭ എം പിമാരും ആവശ്യം ഹൈക്കമാന്റിനെ അറിയിച്ചു

രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നു

ഒരിടവേളക്ക് ശേഷം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നു. മുതിർന്ന നേതാക്കളും വിവിധ യോഗങ്ങളിലായി രാജ്യസഭ - ലോക്സഭ എം പിമാരും ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇടക്കാല അധ്യക്ഷ പദവിയിൽ സോണിയ ഗാന്ധി അടുത്ത മാസം 10 ഓടെ ഒരു വർഷം തികക്കും.

പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷ പദത്തിലേക്ക് തിരിച്ചു വരേണ്ടതുണ്ട്. രാഹുൽഗാന്ധി തിരിച്ചെത്തി പാർട്ടിക്ക് കരുത്തുപകർന്നില്ലെങ്കിൽ വലിയ ദോഷം ചെയ്യുമെന്നു മാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. സോണിയ ഗാന്ധി വിളിച്ച ഇന്നലത്തെ യോഗത്തിൽ രാജ്യസഭ എംപിമാരെല്ലാം ആവശ്യം ശക്തമായി ഉന്നയിച്ചു.

നേരത്തെ ചേർന്ന ലോകസഭ എം.പിമാരുടെ യോഗത്തിലും ആവശ്യം ഉയർന്നിരുന്നു. ആഗസ്ത് 10ന് ഇടക്കാല അധ്യക്ഷ പദവിയിൽ സോണിയഗാന്ധി ഒരു വർഷം തികക്കും. കാലാവധി നീട്ടാൻ പ്രവർത്തകസമിതി ചേരേണ്ടതുണ്ട് . പ്രവർത്തകസമിതി യോഗം ചേരുമ്പോൾ രാഹുൽ ഗാന്ധിയോട് ആവശ്യമുന്നയിക്കും. എന്നാൽ രാഹുൽ ഗാന്ധി ആവശ്യം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ലോക്സഭ എംപിമാർ ആവശ്യം ഉന്നയിച്ച യോഗത്തിൽ രാഹുൽ ഗാന്ധി ഉണ്ടായിരുന്നുവെങ്കിലും പ്രതികരിച്ചില്ല 75 വയസ്സുള്ള സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ ആശങ്ക ശക്തമാണ്.

നിലവിൽ ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ ഗാന്ധി .പതിവ് പരിശോധനക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത് എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.