LiveTV

Live

National

33 തവണ പരാജയപ്പെട്ടു, ഒടുവിൽ 10ാം ക്ലാസ് പാസ്സായി: വഴിത്തിരിവായത് കോവിഡ്

33 വർഷമായി സാധിക്കാതിരുന്ന ഒരു കാര്യം നേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ 51കാരൻ മുഹമ്മദ് നൂറുദ്ദീൻ. 33 തവണ എഴുതിയിട്ട് പരാജയപ്പെട്ട പത്താം ക്ലാസ് പരീക്ഷ എഴുതാതെ തന്നെ അദ്ദേഹം വിജയിച്ചിരിക്കുകയാണ്

33 തവണ പരാജയപ്പെട്ടു, ഒടുവിൽ 10ാം ക്ലാസ് പാസ്സായി: വഴിത്തിരിവായത് കോവിഡ്

കോവിഡ് മഹാമാരി കാരണം ആ​ഗോള തലത്തിൽ തന്നെ വിദ്യാർഥികളുടെ പഠനം താറുമാറായിരിക്കുകയാണ്. എന്നാൽ 33 വർഷമായി സാധിക്കാതിരുന്ന ഒരു കാര്യം നേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ 51കാരൻ മുഹമ്മദ് നൂറുദ്ദീൻ. 33 തവണ എഴുതിയിട്ട് പരാജയപ്പെട്ട പത്താം ക്ലാസ് പരീക്ഷ എഴുതാതെ തന്നെ അദ്ദേഹം വിജയിച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താതെ എല്ലാവരെയും വിജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചതോടെയാണ് മുഹമ്മദ് നൂറുദ്ദീൻ പരീക്ഷ എഴുതാതെ തന്നെ വിജയിച്ചത്.

''ഇം​ഗ്ലീഷ് ആണ് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള വിഷയം. ട്യൂഷനൊന്നുമുണ്ടായിരുന്നില്ല. നന്നായി ശ്രമിച്ചിട്ടും പരീക്ഷ പാസ്സാവാൻ കഴിഞ്ഞില്ല. സഹോദരിയും സഹോദരനും പഠനത്തിൽ സഹായിക്കുമായിരുന്നു. 33 മാർക്ക് വരെയൊക്കെ കിട്ടുമായിരുന്നു. പക്ഷേ 35 വേണമായിരുന്നു ജയിക്കാൻ. പരാജയപ്പെട്ടാലും പിന്നെയും പിന്നെയും എഴുതുമായിരുന്നു ഞാൻ. സുരക്ഷാ ജീവനക്കാരന്റെ ജോലി കിട്ടാൻ പത്താം തരം പാസ്സാവണം എന്നത് കൊണ്ടാണ് വീണ്ടും വീണ്ടും എഴുതിയത്''- മുഹമ്മദ് നൂറുദ്ദീൻ പറഞ്ഞു.

എന്നാൽ 10ാം ക്ലാസ് പാസ്സാവും മുൻപ് തന്നെ നുറുദ്ദീന് സുരക്ഷാ ജീവനക്കാരന്റെ ജോലി കിട്ടി. 1989 മുതൽ തന്നെ സുരക്ഷാ ജീവനക്കാരനാണ്. 7000 രൂപയാണ് ഇപ്പോൾ ശമ്പളം. നാല് മക്കളുണ്ട്. പഠനം തുടരാനാണ് നൂറുദ്ദീന്റെ തീരുമാനം.