LiveTV

Live

National

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; ഗവർണർ -മുഖ്യമന്ത്രി തർക്കത്തിന് താൽക്കാലിക വിരാമം

തീരുമാനത്തെ സ്വാഗതം ചെയ്ത കോൺഗ്രസ്‌ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കും എന്ന് ആവർത്തിച്ചു


രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; ഗവർണർ -മുഖ്യമന്ത്രി തർക്കത്തിന് താൽക്കാലിക വിരാമം

രാജസ്ഥാനിൽ ഗവർണർ - മുഖ്യമന്ത്രി തർക്കത്തിന് താൽക്കാലിക വിരാമം. ആഗസ്ത് 14 മുതൽ നിയമസഭ സമ്മേളനം ചേരാൻ ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. തീരുമാനത്തെ സ്വാഗതം ചെയ്ത കോൺഗ്രസ്‌ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കും എന്ന് ആവർത്തിച്ചു. അതേസമയം കോൺഗ്രസിൽ ലയിച്ച ബി.എസ്.പി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ അന്തിമ ചിത്രം ആഗസ്ത് 14 ന് വ്യക്തമാകും. അന്നേ ദിവസം മുതൽ സഭ സമ്മേളനം വിളിക്കാൻ ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് നൽകിയ 3 ശിപാർശകൾ 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയെ സഭ ചേരാനാകൂ എന്ന് കാണിച്ച് ഗവർണർ തള്ളിയിരുന്നു.

തുടർന്ന് രണ്ടാമത് ശിപാർശ നൽകിയ ജൂലൈ 25 മുതൽ കണക്ക് കൂട്ടണമെന്ന മറുപടി നൽകിയതോടെയാണ് ആഗസ്ത് 14 തെരഞ്ഞെടുത്തത്. വിശ്വാസ വോട്ടെടുപ്പും അന്നുണ്ടായേക്കും.

വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്‌ലോട്ടിന് വിജയം ഉറപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. വിമത എം.എൽ.എമാർക്കെതിരായ നടപടി തല്ക്കാലത്തേക്ക് നിർത്തിവക്കാനാവശ്യപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ സ്‌പീക്കർ സി.പി ജോഷി സുപ്രീം കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം എം.എല്‍.എമാർ അയോഗ്യരാപ്പെട്ടാലും വോട്ട് സാധുവാണെന്നത് ഗെഹ് ലോട്ടിന് വെല്ലുവിളിയാണ്.