LiveTV

Live

National

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ

നിങ്ങള്‍ അല്ല ഇത് കമ്പ്യൂട്ടറിൽ സൂക്ഷിച്ച് വെച്ചത് എന്ന് ഞങ്ങള്‍ക്കും തോന്നുന്നുണ്ടെന്ന് എൻഐഎ ഹാനി ബാബുവിനോട് പറഞ്ഞു. വിദ്യാർഥികളെയോ സഹപ്രവർത്തകരെയോ സംശയമുണ്ടോയെന്ന് ചോദിച്ചെന്നും ജെന്നി..

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ

ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപകൻ ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യയും അധ്യാപികയുമായ ജെന്നി റൊവേന. ഹാനി ബാബുവിന്റെ ലാപ്ടോപ്പില്‍ നിന്ന് ഒരു ഫോള്‍ഡര്‍ കിട്ടിയിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നതെന്ന് ജെന്നി. കുറെ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍ കമ്പ്യൂട്ടറിൽ ഹൈഡ് ചെയ്തു വെച്ച രീതിയിലായിരുന്നുവെന്നും അതിലെ രേഖകളിൽ നിന്ന് മാവോയിസ്റ്റ് ബന്ധം വ്യക്തമാണെന്നുമാണ് എൻഐഎ പറയുന്നത്. എന്നാൽ അങ്ങനെയൊരു ഫയൽ താൻ സൂക്ഷിച്ചിട്ടില്ലെന്ന് ഹാനി ബാബു പറഞ്ഞിട്ടും എൻഐഎ ഇക്കാര്യം ചോദ്യംചെയ്യലിൽ ആവർത്തുകയായിരുന്നുവെന്ന് ജെന്നി പറയുന്നു.

നിങ്ങള്‍ അല്ല ഇത് കമ്പ്യൂട്ടറിൽ സൂക്ഷിച്ച് വെച്ചത് എന്ന് ഞങ്ങള്‍ക്കും തോന്നുന്നുണ്ടെന്ന് എൻഐഎ ഹാനി ബാബുവിനെ ചോദ്യംചെയ്തപ്പോൾ പറഞ്ഞെന്നും ജെന്നി വെളിപ്പെടുത്തി. നിങ്ങള്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഇത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇട്ടത്, വേറെ ആരെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോ​ഗിച്ചിട്ടുണ്ടോ എന്നൊക്കെ എൻഐഎ സംഘം ഹാനിയോട് ചോദിച്ചു. വിദ്യാർഥികളെയോ അധ്യാപകരെയോ സംശയമുണ്ടോയെന്നും ചോദിച്ചു. കൂടുതൽ ആളുകളെ കേസിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നാണ് അവർ നോക്കുന്നതെന്ന് ജെന്നി പറയുന്നു.

കൊറേ​ഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബറ്‍ 10നാണ് പുനെ പൊലീസ് ഹാനി ബാബുവിന്റെ നോയിഡയിലെ വീട് റെയ്ഡ് ചെയ്തത്. എൻഐഎ കേസ് ഏറ്റെടുക്കുന്നതിന് മുൻപായിരുന്നു ഇത്. കേസിൽ അറസ്റ്റിലായ ആരെയെങ്കിലും അറിയാമോ എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ തന്നോട് ചോദിച്ചതെന്ന് ഹാനി ബാബു അന്ന് പറയുകയുണ്ടായി. ലാപ്ടോപ്പും മൊബൈൽ ഫോണുകളും സായിബാബ മോചന കമ്മിറ്റിയുടെ കുറിപ്പുകളും രണ്ട് പുസ്തകങ്ങളും അവർ പിടിച്ചെടുത്തു. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സായിബാബയുടെ മോചനത്തിനായി ശബ്ദമുയർത്തിയവരിൽ ഹാനി ബാബുവുമുണ്ടായിരുന്നു. ജാതി വിവേചനങ്ങൾക്കെതിരെയും കലാലയങ്ങളിലെ വിയോജിപ്പിന്റേതായ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുന്നതിനെതിരെയും ഹാനി ബാബു എന്നും വിമർശനം ഉന്നയിച്ചിരുന്നു.

ഈ ജൂലൈ 15നാണ് ചോദ്യംചെയ്യലിന് മുംബൈയിൽ ഹാജരാവാൻ നോട്ടീസ് ലഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമയം നീട്ടിനൽകണമെന്ന് അഭ്യർഥിച്ചെങ്കിലും അനുവദിച്ചില്ല. ജൂലൈ 23ന് ഹാജരായി. പ്രഫസര്‍ ജി.എന്‍ സായിബാബ ഡിഫന്‍സ് കമ്മിറ്റിയിലൊക്കെ ഹാനി ബാബു ഉണ്ടല്ലോ, അതുകൊണ്ട് മൊഴി എടുക്കാനായിരിക്കും എന്ന് കരുതിയാണ് പോയത്. വസ്ത്രങ്ങള്‍ പോലും കൂടുതൽ കരുതിയിരുന്നില്ലെന്നും ജെന്നി പറയുന്നു. ഹാനി ബാബു മുംബൈയിലെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ആ സമയങ്ങളില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഹാനിയുടെ ട്രാക്ക് റെക്കോർഡ് ക്ലിയർ ആണെന്ന് എൻഐഎ തന്നെ പറയുന്നു. പിന്നെ കെട്ടിച്ചമച്ച എന്തെങ്കിലും തെളിവ് വെച്ച് അവർ കുടുക്കുമോ എന്ന് ആശങ്കപ്പെടുന്നതിനിടെയാണ് അറസ്റ്റ് വിവരം താൻ അറിഞ്ഞതെന്ന് ജെന്നി പറഞ്ഞു. വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിന്റെ ഭാ​ഗമാണ് ഹാനി ബാബുവിന്റെ അറസ്റ്റെന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരുവിഭാ​ഗം അധ്യാപകരും വിദ്യാർഥികളും പറയുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധിക്കുമെന്നും ഇവർ വ്യക്തമാക്കി.

1818 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവില്‍ നടന്ന യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സൈന്യത്തിന് മേല്‍ ദലിതുകള്‍ നേടിയ വിജയം എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1ന് നടന്ന വിജയാഘോഷത്തിന് നേരെ ഒരു വിഭാഗം ആക്രമണം നടത്തുകയും ഒരു ദലിത് യുവാവ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഘര്‍ഷത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹാനി ബാബു അടക്കം അക്കാദമിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്ന 12 പേരെയാണ് എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. ഹാനി ബാബുവിന് മുൻപ് സുധ ഭരദ്വാജ്, സോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്ത്, അരുണ്‍ ഫെറേറ, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വ്‌സ്, വര വര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ എന്നിവരാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മിക്കവരുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവ് ലഭിച്ചെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.