LiveTV

Live

National

രാജസ്ഥാനിൽ കോൺ​ഗ്രസ് സർക്കാരിനെ പിന്തുണക്കുമെന്ന് യെച്ചൂരി, പാഠംപഠിപ്പിക്കുമെന്ന് മായാവതി

സിപിഎമ്മിന്റെ രണ്ട് എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സീതാറാം യെച്ചൂരി

രാജസ്ഥാനിൽ കോൺ​ഗ്രസ് സർക്കാരിനെ പിന്തുണക്കുമെന്ന് യെച്ചൂരി, പാഠംപഠിപ്പിക്കുമെന്ന് മായാവതി

രാജസ്ഥാനിൽ കോൺ​ഗ്രസ് സർക്കാരിനെ പിന്തുണക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ​ഗെഹ്‍ലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം പരാജയപ്പെടുത്താൻ സഭയിൽ കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യും. സംസ്ഥാന സർക്കാരുകളെ ബിജെപി അസ്ഥിരപ്പെടുത്തിയത് എങ്ങനെയെന്ന് ​ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും കണ്ടതാണ്. അത് തന്നെയാണവർ രാജസ്ഥാനിലും ചെയ്യുന്നത്. ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരാണ് സിപിഎം. അതിനാൽ സിപിഎമ്മിന്റെ രണ്ട് എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സീതാറാം യെച്ചൂരി അറിയിച്ചത്.

എന്നാൽ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ പാഠം പഠിപ്പിക്കുമെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും സഭയിൽ കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുതെന്നും ചൂണ്ടിക്കാട്ടി ബിഎസ്പി പാർട്ടി എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താൽ അയോ​ഗ്യരാക്കുമെന്നാണ് ആർ ​ഗുഡ, ലഖൻ സിങ്, ദീപ് ചന്ദ്, ജെ എസ് അവാന, സന്ദീപ് കുമാർ, വാജിദ് അലി എന്നീ എംഎൽഎമാരെ ബിഎസ്പി അറിയിച്ചത്. ഇതിനൊപ്പം കോൺ​ഗ്രസ് ലയനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതി.

സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇടഞ്ഞതോടെയാണ് അശോക് ​ഗെഹ്‍ലോട്ട് സർക്കാരിന്റെ നില പരുങ്ങലിലായത്. എങ്കിലും 102 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ അവകാശവാദം. ഈ 102ൽ ആറ് ബിഎസ്പി എംഎൽഎമാരുമുണ്ട്. ബിഎസ്പി ദേശീയ പാർട്ടിയാണെന്നും ദേശീയ തലത്തിൽ ലയനം നടക്കാത്ത കാലത്തോളം പ്രാദേശികമായുള്ള ലയനങ്ങൾക്ക് സാധുതയില്ലെന്നുമാണ് പാർട്ടി എംഎൽഎമാരെ അറിയിച്ചത്. തങ്ങളെ ബിജെപിയുടെ കയ്യിലെ പാവകൾ എന്ന് കുറ്റപ്പെടുത്തി സ്വന്തം പിഴവുകൾ മറച്ചുവെയ്ക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു.