LiveTV

Live

National

മോദിജിക്ക് പബ്ജി നിരോധിക്കണമെന്നുണ്ട്, പക്ഷേ.. പരിഹാസവുമായി കോൺ​ഗ്രസ്

സർക്കാർ 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച സാഹചര്യത്തിലാണ് കോൺ​ഗ്രസ് വക്താവിന്റെ പ്രതികരണം.

മോദിജിക്ക് പബ്ജി നിരോധിക്കണമെന്നുണ്ട്, പക്ഷേ.. പരിഹാസവുമായി കോൺ​ഗ്രസ്

പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് മോദി സർക്കാർ ഈ ഓൺലൈൻ ​ഗെയിം നിരോധിക്കാത്തതെന്ന് കോൺ​ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വി. സർക്കാർ 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച സാഹചര്യത്തിലാണ് കോൺ​ഗ്രസ് വക്താവിന്റെ പ്രതികരണം.

മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്. പക്ഷേ യുവാക്കൾക്ക് ആ ഫാന്റസിയുടേതായ ലോകം നഷ്ടപ്പെട്ടാൽ അവർ യഥാർഥ ലോകത്തിലെത്തും. തൊഴിൽ എവിടെ എന്ന് ചോദിക്കും. അത് പ്രശ്നമാണ്- എന്നാണ് അഭിഷേക് മനു സിങ്‍വിയുടെ ട്വീറ്റ്.

ഇന്ത്യ - ചൈന സംഘർഷത്തിനിടെയാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കഴിഞ്ഞ ദിവസം നിരോധിച്ചു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമായ സാഹചര്യത്തിലായിരുന്നു നടപടി. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വീഡിയോ ​ഗെയിമായ പബ്ജിയും ലുഡോ വേൾഡും ഉൾപ്പെടെ 275ൽ അധികം ചൈനീസ് ആപ്പുകൾ സർക്കാരിന്റെ നിരീക്ഷത്തിലാണ്. ആപ്പുകൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും ദേശസുരക്ഷയ്ക്ക് ഭീഷണിയാണോയെന്നുമാണ് പരിശോധിക്കുന്നത്.

പബ്ജി വികസിപ്പിച്ചത് ദക്ഷിണ കൊറിയൻ കമ്പനിയാണ്. പക്ഷേ ചൈനീസ് കമ്പനിയായ ടെൻസെന്റാണ് കൂടുതൽ നിക്ഷേപമിറക്കിയിരിക്കുന്നത്. അതുകൊണ്ടാണ് പബ്ജിയും നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടത്.