LiveTV

Live

National

മാസ്ക് മുഖ്യം; യുപിയിൽ മാസ്കില്ലാതെ അലഞ്ഞു നടന്ന ആട് 'അറസ്റ്റിൽ'

ആടിനെ വിടാമെന്ന് പൊലീസ് സമ്മതിച്ചു. ഒരു നിബന്ധനയുണ്ടെന്ന് മാത്രം - മാസ്ക് ഇല്ലാതെ ആടിനെ ഇനി കണ്ടുപോകരുത്.

മാസ്ക് മുഖ്യം; യുപിയിൽ മാസ്കില്ലാതെ അലഞ്ഞു നടന്ന ആട് 'അറസ്റ്റിൽ'

കോവിഡ് വ്യാപനം തടയാൻ മാസ്കും സാമൂഹ്യ അകലവുമെല്ലാം ഇന്നത്തെ കാലത്ത് നിർബന്ധമാണ്. പാലിച്ചില്ലെങ്കിൽ ശിക്ഷ ഉറപ്പാണ്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും മാസ്ക് ധരിക്കണമെന്നാണ് കാൺപൂരിലെ പൊലീസ് പറയുന്നത്. മാസ്ക് ഇടാതെ അലഞ്ഞു തിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ബെക്കൻഗഞ്ച് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വഴിയരികിൽ കണ്ട ആടിനെ പൊലീസുകാർ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് ആടിന്റെ ഉടമസ്ഥൻ ഓടി സ്റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. ഒടുവിൽ ആടിനെ വിടാമെന്ന് പൊലീസ് സമ്മതിച്ചു. ഒരു നിബന്ധനയുണ്ടെന്ന് മാത്രം - മാസ്ക് ഇല്ലാതെ ആടിനെ ഇനി കണ്ടുപോകരുത്.

ആളുകൾ നായ്ക്കളെയൊക്കെ മാസ്ക് ധരിപ്പിക്കുന്നില്ലേ ഇന്നത്തെ കാലത്ത്. പിന്നെന്താ ആടുകളെ മാസ്ക് ധരിപ്പിച്ചാൽ എന്ന് സ്റ്റേഷനിലെ സിഐ ചോദിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

സംഭവം സോഷ്യൽ മീഡിയയിൽ ട്രോളാകുമെന്ന ഘട്ടം വന്നപ്പോൾ പൊലീസ് പറയുന്നത് മറ്റൊരു വിധത്തിലാണ്. മാസ്ക് ധരിക്കാതെ ഒരാൾ ആടുമായി പോകുന്നത് കണ്ടു. പക്ഷേ അയാൾ പൊലീസിനെ കണ്ട് ഓടിപ്പോയി. അതുകൊണ്ടാണ് ആടിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.