LiveTV

Live

National

സർക്കാർ വസതി ഒഴിയും മുൻപ് പുതിയ താമസക്കാരനായ ബിജെപി നേതാവിനെ ചായക്ക് ക്ഷണിച്ച് പ്രിയങ്ക

പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ആം നമ്പർ വസതി അനില്‍ ബലൂനിക്കാണ് അനുവദിച്ചത്.

സർക്കാർ വസതി ഒഴിയും മുൻപ് പുതിയ താമസക്കാരനായ ബിജെപി നേതാവിനെ ചായക്ക് ക്ഷണിച്ച് പ്രിയങ്ക

സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് പുതിയ താമസക്കാരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി ചായസത്കാരത്തിന് വിളിച്ചു. ബിജെപി നേതാവ് അനില്‍ ബലൂനിയേയും ഭാര്യയേയുമാണ് പ്രിയങ്ക ചായ സത്കാരത്തിന് വിളിച്ചത്. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ആം നമ്പർ വസതി അനില്‍ ബലൂനിക്കാണ് അനുവദിച്ചത്. രാജ്യസഭാ എംപിയും ബിജെപി മാധ്യമ വിഭാ​ഗം ചുമതലയുള്ള ആളുമാണ് ബലൂനി.

1997 മുതല്‍ ലോധി എസ്റ്റേറ്റിലെ 35ആം നമ്പർ വസതിയിലാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെ തുടർന്നാണ് ഈ വസതി ഒഴിയണമെന്ന് പ്രിയങ്കക്ക് നോട്ടീസ് ലഭിച്ചത്. ഭവന നഗരകാര്യ മന്ത്രാലയമാണ് നോട്ടീസ് നൽകിയത്. ആ​ഗസ്ത് 1ന് മുൻപ് വസതി വിടണമെന്നായിരുന്നു നിർദേശം.

എസ്പിജി സുരക്ഷ ഉള്ളവർക്ക് കേന്ദ്ര സർക്കാർ താമസ സൗകര്യം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. നിലവിൽ ഇസഡ് പ്ലസ് സുരക്ഷയാണ് പ്രിയങ്കക്കുള്ളത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്‍റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവനകാര്യ മന്ത്രാലയം അറിയിച്ചത്.

ഇതിന് പിന്നാലെയാണ് താമസം ഒഴിയുന്നതിന് മുമ്പായി പുതിയ താമസക്കാരെ പ്രിയങ്ക ചായക്ക് ക്ഷണിച്ചത്. കത്തിലൂടെയും ഫോണിലൂടെയുമായിരുന്നു ക്ഷണം. ബലൂനി ക്ഷണം സ്വീകരിച്ചോ എന്ന് വ്യക്തമല്ല. പ്രിയങ്ക ഗുരുഗ്രാമിലുള്ള വീട്ടിലേക്ക് താത്കാലികമായി താമസം മാറുമെന്നാണ് റിപ്പോർട്ട്. പിന്നീട് ഡൽഹിയിലേക്ക് തന്നെ തിരിച്ചെത്തിയേക്കും.