LiveTV

Live

National

കൈക്കൂലി നൽകാത്തതിന് അധികൃതരുടെ ക്രൂരതക്കിരയായ ബാലനെ തേടി ജനപ്രതിനിധികളുടെ സഹായം

ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ 13കാരന്‍ 100 രൂപ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താൽ അധികൃതരുടെ ക്രൂരതക്ക് ഇരയായ സംഭവം കണ്ണ് നനയിക്കുന്നതായിരുന്നു.

കൈക്കൂലി നൽകാത്തതിന് അധികൃതരുടെ ക്രൂരതക്കിരയായ ബാലനെ തേടി ജനപ്രതിനിധികളുടെ സഹായം

ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ 13കാരന്‍ 100 രൂപ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താൽ അധികൃതരുടെ ക്രൂരതക്ക് ഇരയായ സംഭവം കണ്ണ് നനയിക്കുന്നതായിരുന്നു. വില്‍പ്പനയ്ക്കായി നിരത്തിവെച്ച കോഴിമുട്ടയുടെ വണ്ടി തട്ടിമറിച്ചിട്ട് മുട്ടകൾ പൊട്ടിച്ചുകളഞ്ഞാണ് അധികൃതർ അവനെ തകർത്തുകളഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സഹായവുമായി എത്തിയിരിക്കുകയാണ്. കുട്ടിയുടെയും സഹോദരന്റെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് കോൺ​ഗ്രസ് എംപി ദി​ഗ് വിജയ് സിങ് അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വീട് വെച്ച് നൽകാമെന്നാണ് ബിജെപി എംപി മെണ്ടോലയുടെ വാ​ഗ്ദാനം. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ വീട് വെച്ചുനൽകുമെന്നാണ് എംഎൽഎ അറിയിച്ചത്. ഒപ്പം സൈക്കിളും വസ്ത്രങ്ങളും നൽകി. മുൻസിപ്പൽ അധികൃതർ മുട്ട വണ്ടി തട്ടിമറിച്ചിട്ടതോടെ 8000 രൂപയുടെ നഷ്ടമാണുണ്ടായത്. ഇതിനകം നിരവധി പേർ കുട്ടിക്ക് സാമ്പത്തിക സഹായം നൽകിക്കഴിഞ്ഞു.

ജൂലൈ 22നാണ് മുൻസിപ്പൽ അധികൃതരുടെ കുട്ടിയോട് അതിക്രമം കാട്ടിയത്. കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണത്തിന്‍റെ ഭാഗമായി റോഡിന്‍റെ ഇടതു വലതു വശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് തെരുവു കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ കച്ചവടത്തിനെത്തിയ തന്നോട് അധികൃതരെത്തി ഒന്നുകില്‍ കച്ചവടം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടതായി ബാലന്‍ പറഞ്ഞു. അത് നിരസിച്ചതോടെയാണ് കോഴിമുട്ട വില്‍പ്പനയ്ക്ക് വെച്ച വണ്ടി, മുട്ടയോടെ തട്ടിത്തെറിപ്പിച്ച് നശിപ്പിച്ചത്.

കോവിഡും ലോക്ക്ഡൌണും കാരണം കച്ചവടം വളരെ കുറവാണ്. അതിനിടയിലാണ് അധികൃതരുടെ ഈ നടപടി മൂലം തനിക്ക് തന്‍റെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതെന്ന് കുട്ടി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ അധികൃതർക്കെതിരെ വൻ പ്രതിഷേധമുണ്ടായി. വികാസ് റാവു എന്നയാളാണ് സംഭവത്തിൻരെ ദൃശ്യങ്ങൾ പകർത്തിയത്. കുട്ടി കരയുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് എന്താണ് നടന്നതെന്ന് വ്യക്തമായതെന്നും താൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും വികാസ് റാവു പറഞ്ഞു.