LiveTV

Live

National

ആപ്പിൾ ചൈന വിട്ട് ചെന്നൈയിൽ, വൻവിലക്കുറവ് പ്രതീക്ഷിച്ച് ഐ ഫോൺ പ്രേമികൾ

ഐഫോണ്‍ 11 മോഡലാണ് ചെന്നൈയിലെ ഫോക്സ്കോൺ പ്ലാന്റിൽ നിര്‍മാണം തുടങ്ങിയത്.

ആപ്പിൾ ചൈന വിട്ട് ചെന്നൈയിൽ, വൻവിലക്കുറവ് പ്രതീക്ഷിച്ച് ഐ ഫോൺ പ്രേമികൾ

ചൈനീസ് പ്ലാന്റുകളിലെ നിര്‍മാണം നിർത്തി ഇന്ത്യയിലേക്ക് വരികയാണ് ആപ്പിൾ. തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ശ്രേണിയിലുള്ള ഹാൻഡ്സെറ്റിന്റെ നിര്‍മാണം ആദ്യമായി ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 11 മോഡലാണ് ചെന്നൈയിലെ ഫോക്സ്കോൺ പ്ലാന്റിൽ നിര്‍മാണം തുടങ്ങിയത്. മന്ത്രി പീയുഷ് ​ഗോയലാണ് ഇക്കാര്യം അറിയിച്ചത്. മെയ്ക്കിങ് ഇന്ത്യക്ക് ഉത്തേജനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ആപ്പിൾ ഇന്ത്യയിലെത്തിയത് ഐ ഫോണുകളുടെ വിലയിൽ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഐ ഫോൺ പ്രേമികൾ. ആപ്പിൾ ഇന്ത്യയിൽ നിർമാണം തുടങ്ങിയതോടെ അവർക്ക് ഇറക്കുമതി ചുങ്കത്തിൽ 22 ശതമാനം ലാഭമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോൺ ഉപഭോക്താക്കളിലെത്തിക്കുമ്പോൾ വില കുറയ്ക്കുമെന്നാണ് പൊതുവെയുള്ള നിരീക്ഷണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ആമസോൺ പ്രൈം ഡേ സെയിലിൽ എത്ര രൂപയ്ക്കാണ് ഐ ഫോൺ 11 വിൽക്കുകയെന്ന് ആ​ഗസ്ത് 6ന് അറിയാനാവും.

വില കുറയ്ക്കുന്നത് ആപ്പിളിനെ സംബന്ധിച്ച് ​ഗുണകരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രാദേശിക വിപണിയിൽ കൂടുതൽ ഇടം നേടാനും വൺ പ്ലസ്, സാംസങ് പോലുള്ള ആൻഡ്രോയിഡ് ഫോണുകളുടെ വിപണി കീഴടക്കാനും സഹായകരമാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

76900ൽ നിന്നും 59900 ആയി വില കുറച്ചപ്പോൾ ഐ ഫോൺ എക്സ്ആർ വൻതോതിൽ വിൽക്കാനായി. ഐഫോണ്‍ 11ന്റെ തുടക്ക മോഡലിന്റെ എംആര്‍പി ഇപ്പോള്‍ 62900 രൂപയാണ്. ഈ ഹാൻഡ്സെറ്റ് ഇപ്പോള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ്. ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 35000 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് ഐഫോണ്‍ 11 ആണ്. ഐഫോണ്‍ എസ്ഇ മോഡലും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിന്‍സ്ട്രണ്‍ കമ്പനിയുടെ ബംഗളൂരുവിലെ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ എസ്ഇ 2020 നിര്‍മിക്കുക.