LiveTV

Live

National

പരിശോധന ഇല്ല, അതുകൊണ്ട് കോവിഡ് ഇല്ല എന്ന നയം ശരിയല്ല: യോ​ഗിയോട് പ്രിയങ്ക

സർക്കാർ അനുകൂല വാർത്തകളും പരസ്യങ്ങളും നൽകിയതുകൊണ്ടു മാത്രം കോവിഡിനെതിരായ പോരാട്ടം വിജയിക്കില്ലെന്നും പ്രിയങ്ക യോ​ഗി ആദിത്യനാഥിനെ ഓർമിപ്പിച്ചു.

പരിശോധന ഇല്ല, അതുകൊണ്ട് കോവിഡ് ഇല്ല എന്ന നയം ശരിയല്ല: യോ​ഗിയോട് പ്രിയങ്ക

കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ഉത്തർ പ്രദേശിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാത്ത യോ​ഗി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. പരിശോധനയില്ല അതുകൊണ്ട്​ കോവിഡുമില്ലെന്ന യോഗി സർക്കാറിൻെറ നയം മാറ്റണമെന്ന്​ ആവശ്യപ്പെട്ടാണ്​ പ്രിയങ്ക യോ​ഗിക്ക് കത്തെഴുതിയത്​.

യുപിയിൽ കോവിഡ് ചികിത്സക്ക് ആവശ്യത്തിന് കിടക്കകളില്ല. ആശുപത്രികൾക്ക് മുന്നിൽ രോ​ഗികളുടെ നീണ്ട നിര തന്നെയുണ്ട്. മരണ നിരക്കും കൂടുകയാണ്. കാൺപൂർ, ​ഗോരഖ്പൂർ, ലക്നൗ, വരാണസി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോ‌ർട്ടുകളൊന്നും ശുഭകരമല്ല. സർക്കാർ ജനപക്ഷത്ത് നിന്ന് സുതാര്യമായ നടപടികൾ സ്വീകരിക്കേണ്ട ഘട്ടമാണിത്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനായി ചില നിർദേശങ്ങൾ യോ​ഗി സർക്കാരിന് മുന്നിൽ വെയ്ക്കുകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി.

യുപിയിൽ ​ന​ഗരങ്ങളിൽ മാത്രമല്ല, ​ഗ്രാമങ്ങളിലും കോവിഡ് പടരുകയാണ്. ഈ സാഹചര്യത്തിൽ പരിശോധനയില്ല, അതുകൊണ്ട് കോവിഡില്ല എന്ന നയം അതീവ അപകടകരമാണ്. കോവിഡ് പരിശോധന എത്രയും പെട്ടെന്ന് വ്യാപിപ്പിച്ച് രോ​ഗികളെ കണ്ടെത്തണം. ക്വാറന്റെൻ സെന്ററുകൾ ആവശ്യത്തിന് ഇല്ലാത്തത് ജന‌ങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. 1.5 ലക്ഷം കിടക്കകളുണ്ടെന്നാണ് യോ​ഗി സർക്കാർ അവകാശപ്പെട്ടതെങ്കിലും 20000 കേസുകൾ ആയപ്പോൾ തന്നെ സജ്ജീകരണങ്ങൾ തികയാത്ത അവസ്ഥയാണ്. താത്കാലിക ആശുപത്രികൾ സജ്ജീകരിക്കാൻ സൈന്യത്തിന്റെ സഹായം തേടാവുന്നതാണെന്ന നിർദേശം പ്രിയങ്ക മുന്നോട്ടുവെയ്ക്കുന്നു.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ചികിത്സക്കുള്ള ചെലവ്, അവരുടെ നിരീക്ഷണം എന്നിവ സംബന്ധിച്ചും സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രിയങ്ക ആവശ്യപ്പെടുന്നു. സർക്കാർ അനുകൂല വാർത്തകളും പരസ്യങ്ങളും നൽകിയതുകൊണ്ടു മാത്രം കോവിഡിനെതിരായ പോരാട്ടം വിജയിക്കില്ലെന്നും പ്രിയങ്ക യോ​ഗി ആദിത്യനാഥിനെ ഓർമിപ്പിച്ചു.