LiveTV

Live

National

പ്രതിസന്ധിയില്‍ വലഞ്ഞ് കോണ്‍ഗ്രസ്; ആത്മവിശ്വാസത്തിൽ സച്ചിൻ പൈലറ്റ്

ഹൈക്കോടതി സ്പീക്കറുടെ നടപടി തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനാവശ്യപ്പെട്ടതും ഗവർണർ നിയമസഭ സമ്മേളനം വിളിക്കാൻ തയ്യാറാകാത്തതും ഗെഹ്‌ലോട്ടിന് തിരിച്ചടിയാണ്

പ്രതിസന്ധിയില്‍ വലഞ്ഞ് കോണ്‍ഗ്രസ്; ആത്മവിശ്വാസത്തിൽ സച്ചിൻ പൈലറ്റ്

ഭൂരിപക്ഷമുണ്ടായിട്ടും സർക്കാരിനെ പ്രതിസന്ധിയിൽ നിന്നും കയറ്റാനാകാതെ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഹൈക്കോടതി സ്പീക്കറുടെ നടപടി തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനാവശ്യപ്പെട്ടതും ഗവർണർ നിയമസഭ സമ്മേളനം വിളിക്കാൻ തയ്യാറാകാത്തതും ഗെഹ്‌ലോട്ടിന് തിരിച്ചടിയാണ്.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്കെതിരെ കോൺഗ്രസിന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. കൂടുതൽ സമയം ലഭിച്ചതിനാൽ പിന്തുണ വർദ്ധിപ്പിക്കാനാണ് സച്ചിൻ പൈലറ്റിന്‍റെ ശ്രമം. കോൺഗ്രസിന്‍റെ ആത്മവിശ്വാസം ചോരുകയാണ്. ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാകാനുള്ള സാധ്യത ഇല്ല . അവസാന ശ്രമമായാണ് നിയമസഭാസമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ചത്.

എന്നാൽ കോവിഡ് രൂക്ഷമായതിനാൽ സാധ്യമല്ലെന്നാണ് ഗവർണർ പറയുന്നത്. സർക്കാർ സമർപ്പിച്ച രേഖകളിൽ സഭ സമ്മേളനത്തിന്‍റെ അജണ്ടയോ തിടുക്കപ്പെട്ട് ചേരാനുള്ള സാഹചര്യമോ വ്യക്തമല്ല. സാധാരണ നിയമസഭാസമ്മേളനം വിളിക്കാൻ 21 ദിവസം മുൻപത്തെ അറിയിപ്പ് വേണം എന്നും ഗവർണർ പറയുന്നു. രാജ്ഭവനകത്ത് എം.എൽ.എമാർ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. സഭാസമ്മേളനം വിളിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയ കത്ത് മന്ത്രിസഭാ യോഗം ചേർന്ന് തയാറാക്കി വീണ്ടും ഗവർണർക്ക് നൽകിയിട്ടുണ്ട്. ഗവർണർ നിയമസഭ സമ്മേളനം വിളിക്കണമെന്നും സത്യം പുറത്ത് വരണം എന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന വ്യക്തമാണെന്നും രാഹുൽഗാന്ധി പ്രതികരിച്ചതോടെ ഹൈക്കമാന്‍ഡ് - സച്ചിൻ പൈലറ്റ് ചർച്ചകൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇതിനിടെ സച്ചിൻ പൈലറ്റും വിമത എം.എല്‍.എമാരും സുപ്രീം കോടതിയിൽ തടസ ഹരജി നൽകി.

ഹൈക്കോടതി നിർദേശത്തിനെതിരെ സ്പീക്കർ ഹരജി സമർപ്പിച്ചാൽ തങ്ങളുടെ വാദവും കേൾക്കണമെന്നാണ് ആവശ്യം. അതേസമയം കുതിരക്കച്ചവടക്കേസിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത വിശ്വേന്ദ്ര സിങ്, ഭവൻ ലാൽ ശർമ്മ അടക്കമുള്ള 6 പേർക്ക് എസിബി നോട്ടീസ് നൽകിയിട്ടുണ്ട്.