LiveTV

Live

National

ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം: ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കോവിഡ്‌ ബാധിതൻ ആയ ഷർജീൽ ഇമാം നിലവിൽ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം:  ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നെടുത്ത കേസിലാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍ ഷര്‍ജീല്‍ ഇമാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്‍റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷർജീൽ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. കോവിഡ്‌ ബാധിതൻ ആയ ഷർജീൽ ഇമാം നിലവിൽ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുകയാണ്. രോഗം ഭേദമായതിന് ശേഷം ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ വച്ച് സംഘർഷമുണ്ടാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചാണ് കേസ് എടുത്തത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്‍റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ ജനുവരി 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്. ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. ജനുവരിയിൽ അറസ്റ്റിൽ ആയ ഷർജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു.

പൗരത്വ സമരനേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ തുടങ്ങിയ നിരവധി വിദ്യാര്‍ഥികളെ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന മുൻ അലിഗഢ് വിദ്യാ൪ഥിയും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീൽ ഉസ്മാനിയെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുപ്പത്തൊന്നുകാരനായ ഈ യുവാവ് ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയുവിൽ ചേരുകയായിരുന്നു.