LiveTV

Live

National

നാലുവയസ്സുകാരിയെ തട്ടിയെടുക്കാനെത്തിയവരില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് അമ്മ; കയ്യടിച്ച് സോഷ്യല്‍മീഡിയ

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കുഞ്ഞിന്‍റെ അമ്മയുടെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

നാലുവയസ്സുകാരിയെ തട്ടിയെടുക്കാനെത്തിയവരില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് അമ്മ; കയ്യടിച്ച് സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയ മുഴുവന്‍ ഒരമ്മയുടെ ധീരതയ്ക്ക് മുന്നില്‍ കയ്യടിക്കുകയാണ്. തന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ വന്നവരെ ധീരതയോടെ നേരിട്ട ഒരു അമ്മ. ആ അമ്മയുടെ സമയോചിതമായ ഇടപെടലാണ് നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള രണ്ടംഗസംഘത്തിന്‍റെ ശ്രമത്തെ പരാജയപ്പെടുത്തിയത്.

ഡല്‍ഹിയില്‍ ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടിലെത്തിയ സംഘം കുടിക്കാനായി വെള്ളം ആവശ്യപ്പെടുകയായിരുന്നു. അതിൽ ഒരാൾ നീല ഷർട്ടും ചുവന്ന ബാക്ക്പാക്കും ധരിച്ചിരുന്നു. അമ്മയുടെ ശ്രദ്ധ മാറിയ ഉടൻ ആദ്യം നീല ഷർട്ടു ധരിച്ച് ആളാണ് കുട്ടിയുമായി പുറത്തേക്ക് ഓടി ബൈക്കിനരികിൽ എത്തുന്നത്. പേടിച്ചരണ്ട കുട്ടി കരയുന്നതും കേൾക്കാം. കുട്ടിയെ ബൈക്കിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിനകത്തു നിന്ന് അമ്മ ഓടിയെത്തി കുട്ടിയെ ബൈക്കിൽ നിന്നു വലിച്ചിറക്കി. ഇവരെ രക്ഷപ്പെടാൻ അനുവദിക്കാതെ ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു.

ഇടുങ്ങിയ റോഡിൽ തന്‍റെ സ്കൂട്ടർ തിരിച്ചുവെച്ച് വഴി തടസപ്പെടുത്തി അയൽവാസികളിലൊരാള്‍ സംഘത്തിലെ ഒരാളെ ബൈക്കിൽ നിന്ന് തള്ളി താഴെയിട്ടു. പിന്നാലെയെത്തിയ രണ്ടാമനെയും കീഴ്‍പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഇതിന്‍റെയെല്ലാം സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

കൂട്ടത്തിലൊരാളുടെ ബാഗ് സംഭവസ്ഥലത്ത് വീണു പോയിരുന്നു. ബാഗിൽ നിന്ന് ഒരു തോക്കും കുറച്ച് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെയും പോലീസ് പിടികൂടി.

കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 35 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടാൻ പദ്ധതിയിട്ടിരുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്‍. ഇദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ അസൂയ തോന്നിയ സഹോദരന്‍ ഏര്‍പ്പെടുത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കുഞ്ഞിന്‍റെ അമ്മയുടെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.