LiveTV

Live

National

മാസ്ക് ധരിക്കാത്തതിന് പൊലീസ് മര്‍ദ്ദനത്തിനിരയായ ദലിത് യുവാവ് കൊല്ലപ്പെട്ടു

മരണപ്പെട്ട അച്ചര്‍ള കിരണ്‍കുമാറിന്‍റെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

മാസ്ക് ധരിക്കാത്തതിന് പൊലീസ് മര്‍ദ്ദനത്തിനിരയായ ദലിത് യുവാവ് കൊല്ലപ്പെട്ടു

മാസ്ക് ധരിക്കാത്തതിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായ ദലിത് യുവാവ് കൊല്ലപ്പെട്ടു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ അച്ചര്‍ള കിരണ്‍കുമാര്‍ എന്ന 25 വയസുകാരനെയാണ് മാസ്ക് ധരിക്കാത്തതിന് സബ് ഇന്‍സ്പെക്ടര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതെന്ന് ദ ഹിന്ദുവും മുംബൈ മിററും റിപ്പോര്‍ട്ട് ചെയ്തു.

മോട്ടോര്‍ സൈക്കിളില്‍ ചിരാല വഴി യാത്ര ചെയ്യുന്നതിനിടെ അച്ചര്‍ള കിരണ്‍കുമാറിനെ ജൂലൈ 18ന് പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് പൊലീസും ഇയാളും തമ്മില്‍ തര്‍ക്കം നടന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തര്‍ക്കത്തിനൊടുവില്‍ കുമാറിനെ പൊലീസ് മര്‍ദ്ദിച്ചതായും സുഹൃത്തായ ഷൈനി എബ്രഹാം കൂടെയുണ്ടായിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇടപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ വിജയ് കുമാര്‍ ഇരുവരെയും നിര്‍ബന്ധപൂര്‍വം ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു.

അതിനിടെ ജീപ്പില്‍ നിന്നും കുമാര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും അതില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റന്നും പൊലീസ് വിശദീകരിച്ചു. റോഡില്‍ രക്തകറയുണ്ടായെന്നും റോഡില്‍ മുടികളുണ്ടായെന്നും ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. കിരണിന്‍റെ രക്ത പരിശോധനയില്‍ 122 മില്ലി മദ്യത്തിന്‍റെ അംശമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

അതെ സമയം കുമാറിന്‍റെ ബന്ധുക്കള്‍ പൊലീസിനെതിരെ കടുത്ത ആരോപണമുന്നയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിലാണ് കുമാറിന്‍റെ തലക്ക് ഗുരുതര പരിക്ക് പറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുമാറിനെ തൊട്ടടുത്തുള്ള ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതെ സമയം സംഭവത്തില്‍ പൊലീസ് കസ്റ്റ‍ഡി മരണ കേസ് രജിസ്റ്റര്‍ ചെയ്തതായും സ്വതന്ത്രൃ അന്വേഷണത്തിനും ഉത്തരവിട്ടതായും പൊലീസ് പറഞ്ഞു. മരണപ്പെട്ട അച്ചര്‍ള കിരണ്‍കുമാറിന്‍റെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.