LiveTV

Live

National

''സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് രാമരാജ്യമാണെങ്കിലും ലഭിക്കുന്നത് ഗുണ്ടാരാജ്യമാണ്''; യുപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഒരുകൂട്ടം ക്രിമിനലുകള്‍ തലയില്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഗാസിയാബാദിലെ മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷി കൊല്ലപ്പെടുകയായിരുന്നു

''സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് രാമരാജ്യമാണെങ്കിലും ലഭിക്കുന്നത് ഗുണ്ടാരാജ്യമാണ്''; യുപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് രാമരാജ്യമാണെങ്കിലും ലഭിക്കുന്നത് ഗുണ്ടാരാജ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപിയില്‍ മാധ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഒരുകൂട്ടം ക്രിമിനലുകള്‍ തലയില്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഗാസിയാബാദിലെ മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷി കൊല്ലപ്പെടുകയായിരുന്നു.

തന്‍റെ അനന്തരവള്‍ പീഡനത്തിനിരയായെന്ന് ജൂലൈ 16ന് വിക്രം ജോഷി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ''മരുമകള്‍ക്ക് നേരിടേണ്ടി വന്ന അക്രമത്തില്‍ പരാതി നല്‍കിയതിനാലാണ് വിക്രം ജോഷി കൊല്ലപ്പെട്ടത്. ആ കുടുംബത്തിന് എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് രാമരാജ്യമാണെങ്കിലും ലഭിച്ചത് ഗുണ്ടാരാജ്യമാണ്.'' രാഹുല്‍ പറഞ്ഞു.

വിക്രം ജോഷിയുടെ കൊലപാതകം ഞെട്ടിക്കുന്നതായിരുന്നുവെന്നും യുപിയില്‍ ക്രമസമാധാനം തകരുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അക്രമങ്ങളെയും ഈ കൊലപാതകം ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.