LiveTV

Live

National

പഞ്ചാബികള്‍ക്കും ജാട്ടുകള്‍ക്കും ബംഗാളികളുടെ അത്ര ബുദ്ധിയില്ല: വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി; ശേഷം ക്ഷമാപണം

ഇതിന് മുൻപും നിരവധി തവണ 48 കാരനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അതെല്ലാം വലിയ വാര്‍ത്താ പ്രധാന്യം നേടുകയുമുണ്ടായിട്ടുണ്ട്.

പഞ്ചാബികള്‍ക്കും ജാട്ടുകള്‍ക്കും  ബംഗാളികളുടെ അത്ര ബുദ്ധിയില്ല: വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി; ശേഷം ക്ഷമാപണം

തന്‍റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാപ്പുചോദിച്ച് ത്രിപുര മുഖ്യമന്ത്രി. പഞ്ചാബികളും ജാട്ടുകളും ശാരീരികമായി ശക്തരാണ്. പക്ഷേ അവര്‍ക്ക് ബംഗാളികളുടെ അത്ര ബുദ്ധിയില്ലെന്നായിരുന്നു ഞായറാഴ്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്‍റെ പ്രസ്താവന. ഞായറാഴ്ച അഗർത്തലയിലെ പ്രസ് ക്ലബിൽ സംസാരിക്കുമ്പോഴായിരുന്നു ബിപ്ലബ് ദേബ് ഇങ്ങനെ പറഞ്ഞത്.

''ഇന്ത്യയിലെ ഓരോ വിഭാഗത്തിനും ഓരോ സ്വഭാവവിശേഷങ്ങളുണ്ട്. ഉദാഹരണമായി ബംഗാളികള്‍, അവരെ ബുദ്ധിയില്‍ ആര്‍ക്കും വെല്ലുവിളിക്കാനാകില്ലെന്നാണ് പറയുന്നത്. ബംഗാളികള്‍ വളരെ ബുദ്ധിയുള്ളവരാണ്. അതാണ് അവരുടെ ഐഡന്‍റിറ്റി. എന്നാല്‍ പഞ്ചാബികളും ജാട്ടുകളും അറിയപ്പെടുന്നത് അവരുടെ ശാരീരിക ബലത്തിന്‍റെ പേരിലാണ്.'' ബിജെപി നേതാവ് ബിപ്ലബ് ദേബ് പറഞ്ഞു.

''നമ്മള്‍ പഞ്ചാബിലെ ജനങ്ങളെ കുറിച്ച് പറയുമ്പോള്‍ പറയുന്നത് അയാള്‍ ഒരു പഞ്ചാബി അല്ലെങ്കില്‍ ഒരു സര്‍ദാര്‍ ആണെന്നാണ്. അവര്‍ക്ക് ബുദ്ധി കുറവാണ്. പക്ഷേ അവര്‍ ശക്തരാണ്. ആര്‍ക്കും അവരെ ബലപ്രയോഗത്തിലൂടെ തോല്‍പ്പിക്കാനാകില്ല. പക്ഷേ, സ്നേഹത്തിലൂടെ അതാവും. ഹരിയാനയില്‍ ഒരു വലിയ വിഭാഗം ജാട്ടുകള്‍ താമസിക്കുന്നുണ്ട്. എന്താണ് ജനങ്ങള്‍ ജാട്ടുകളെ കുറിച്ച് പറയുന്നത്. ജാട്ടുകള്‍ക്കും ബുദ്ധി കുറവാണ്. പക്ഷേ, അവര്‍ ആരോഗ്യവാന്മാരാണ്. ആരെങ്കിലും ജാട്ടുകളെ വെല്ലുവിളിച്ചാല്‍ അവര്‍ ഉടനെ വീട്ടില്‍ പോയി തോക്ക് എടുത്ത് കൊണ്ടിവരും.''

രൂക്ഷ വിമര്‍ശനത്തോടെയാണ് 50 സെക്കന്‍റുള്ള ബിപ്ലബ് ദേബിന്‍റെ വിവാദ പ്രസ്താവനയുടെ വീഡിയോ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലെ ട്വീറ്റ് ചെയ്തത്. ബിജെപിയുടെ മനസിലിരുപ്പ് എന്താണെന്ന് വ്യക്തമാക്കുന്നത് എന്നാണ് വീഡിയോയേക്കുറിച്ച് രണ്‍ദിപ് സിംഗ് സുര്‍ജേവാല വിശദമാക്കുന്നത്. നാണക്കേടും നിര്‍ഭാഗ്യകരവുമായ പ്രസ്താവനയായിപ്പോയിയെന്നും സുര്‍ജേവാല കുറിക്കുന്നു. ഹരിയാന മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായി ഇരിക്കുന്നതെന്നും സുര്‍ജേവാല ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയും ദേബിനെതിരെ വിമര്‍ശവുമായി രംഗത്തെത്തി. ബിജെപി ജാട്ടുകളെയും പഞ്ചാബികളെയും പരിഹസിക്കുകയാണ്. സബ് കാ സാത്, സബ് കാ വികാസ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ത്രിപുര മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ അംഗീകരിക്കുകയാണോ... ഇതാണോ ബിജെപിയുടെ ഔദ്യോഗിക നയമെന്നും സോമന്‍ മിത്ര ചോദിച്ചു.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ പഞ്ചാബികളോടും ജാട്ടുകളോടും ബിപ്ലബ് ക്ഷമ ചോദിച്ചു കൊണ്ട് രംഗത്തെത്തി. എനിക്ക് ഈ രണ്ട് വിഭാഗങ്ങളില്‍പ്പെട്ടവരും സുഹൃത്തുക്കളായിട്ടുണ്ട്. എന്‍റെ പരാമര്‍ശം ആരെയങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ ഞാനവരോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു ബിപ്ലബിന്‍റെ ട്വീറ്റ്.

ഇതിന് മുൻപും നിരവധി തവണ 48 കാരനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അതെല്ലാം വലിയ വാര്‍ത്താ പ്രധാന്യം നേടുകയുമുണ്ടായിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റർനെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ൽ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.