LiveTV

Live

National

മക്കളുടെ മുന്നില്‍വെച്ച് അക്രമികള്‍ വെടിയുതിര്‍ത്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ഡല്‍ഹിക്ക് സമീപം കഴിഞ്ഞ ദിവസം വെടിയേറ്റ മാധ്യമ പ്രവർത്തകൻ വിക്രം ജോഷി മരിച്ചു.

മക്കളുടെ മുന്നില്‍വെച്ച് അക്രമികള്‍ വെടിയുതിര്‍ത്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ഡല്‍ഹിക്ക് സമീപം കഴിഞ്ഞ ദിവസം വെടിയേറ്റ മാധ്യമ പ്രവർത്തകൻ വിക്രം ജോഷി മരിച്ചു. ഇന്നുരാവിലെയാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യപ്പെടുത്തിയവർക്കെതിരെ വിക്രം ജോഷി പോലീസിൽ പരാതി നൽകിയതിനാണ് അക്രമികൾ വെടിയുതിർത്തത്. തിങ്കളാഴ്ച രാത്രി ഗാസിയാബാദിൽ വച്ചായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയാണ് വിക്രം ജോഷി. അക്രമത്തിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. രണ്ട് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്.

രണ്ട് പെണ്‍മക്കളോടൊപ്പം തിങ്കളാഴ്ച രാത്രി 10.30ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു വിക്രം ജോഷി. അപ്പോഴാണ് അഞ്ചംഗ സംഘം മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിനെ സംഘം തടയുകയായിരുന്നു. അക്രമികള്‍ ജോഷിയെ വലിച്ചിഴച്ച് മര്‍ദിച്ച ശേഷം ഓടിപ്പോകുന്നത് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. വെടിവെക്കുന്നത് വീഡിയോയില്‍ വ്യക്തമല്ല. മക്കള്‍ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യത്തിലുണ്ട്‌. തുടര്‍ന്ന് രണ്ട് പേരെത്തി വിക്രം ജോഷിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഗാസിയാബാദിലെ വിജയ്‌ നഗര്‍ റോഡില്‍ വെച്ചായിരുന്നു ആക്രമണം.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ മക്കളുടെ മുന്നില്‍വെച്ച് വെടിയുതിര്‍ത്തു; സിസിടിവി ദൃശ്യം പുറത്ത്
Also Read

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ മക്കളുടെ മുന്നില്‍വെച്ച് വെടിയുതിര്‍ത്തു; സിസിടിവി ദൃശ്യം പുറത്ത്

തന്‍റെ അനന്തരവളെ ഒരു സംഘം ശല്യപ്പെടുത്തുന്നുവെന്ന് വിക്രം ജോഷി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതിന് നാല് ദിവസത്തിന് ശേഷമാണ് അക്രമമുണ്ടായത്.

വിക്രം ജോഷിക്കെതിരായ അക്രമണത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാഗാന്ധി രംഗത്തെത്തി. ഇതാണോ ഗാസിയാബാദിലെ നിയമവ്യവസ്ഥ. ഇത് മതി ഉത്തര്‍പ്രദേശിലെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാകാന്‍. അനന്തിരവളുടെ സുരക്ഷിതത്വത്തിന് വേണ്ടി പരാതിപ്പെട്ടതിനാണ് ഇവിടെ ഒരു മാധ്യമപ്രവര്‍ത്തന്‍ കൊല്ലപ്പെട്ടത്. അങ്ങനെയെങ്കില്‍ ഒരു സാധാരണക്കാരന്‍റെ അവസ്ഥ എന്തായിരിക്കും. പ്രിയങ്ക ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.