LiveTV

Live

National

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി

ഇതിന്‍റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൈറലായതോടെ ബിപ്ലവിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി

ജാട്ട് സമുദായത്തില്‍പെട്ടവരെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറ‍ഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്. ട്വീറ്റിലൂടെയാണ് ബിപ്ലവ് തന്‍റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത്. ഹരിയാനയിലെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ലെന്നായിരുന്നു ബിപ്ലവിന്‍റെ അധിക്ഷേപ പരാമര്‍ശം. ''എനിക്ക് ജാട്ട് സമുദായത്തില്‍പ്പെട്ട ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്‍റെ അഭിപ്രായം‌ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ‌, ഞാൻ‌ അതിൽ ക്ഷമ ചോദിക്കുന്നു,'' ബിപ്ലവ് ട്വീറ്റ് ചെയ്തു.

"ഹരിയാനയിൽ ധാരാളം ജാട്ടുകളുണ്ട്. ഹരിയാനയുടെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ല, പക്ഷേ ശക്തിയുണ്ട്. ബുദ്ധിയുടെ കാര്യത്തില്‍ ബംഗാളികളുമായി അവരെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ബംഗാളികള്‍ ബുദ്ധിമാന്‍മാരാണെന്നാണ് ഇന്ത്യയില്‍ എല്ലായിടത്തും അറിയപ്പെടുന്നത്.'' എന്നായിരുന്നു ബി.ജെ.പി മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം. ഇതിന്‍റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൈറലായതോടെ ബിപ്ലവിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല, ഇതാണ് ബി.ജെ.പിയുടെ മാനസികാവസ്ഥയെന്നും വിമര്‍ശിച്ചിരുന്നു.

"അഗർത്തല പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിയിൽ, ഞങ്ങളുടെ ജാട്ട്, പഞ്ചാബി സഹോദരന്മാരെക്കുറിച്ച് ചില ആളുകളുടെ അഭിപ്രായങ്ങൾ ഞാൻ പരാമർശിച്ചിരുന്നു. ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്‍റെ പരാമര്‍ശം. പഞ്ചാബിയേയും ജാട്ട് സമുദായത്തെ കുറിച്ചും ഞാൻ അഭിമാനിക്കുന്നു. അവര്‍ക്കിടയില്‍ ഞാന്‍ ഒരുപാട് കാലം ജീവിച്ചിട്ടുണ്ട്.'' മറ്റൊരു ട്വീറ്റില്‍ ബിപ്ലവ് പറഞ്ഞു.

മൂന്നു പതിറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് 2018 ലാണ് ബിപ്ലവ് ദേബിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതിന് തൊട്ടുപിന്നാലെ തന്നെ വിവാദങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടായി.