LiveTV

Live

National

കോവിഡ് വാക്സിന്‍ വിതരണം; ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നീതി ആയോഗ്

കോവിഡ് വാക്സിനുകളുടെ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകൾ കൂടി ആരംഭിച്ചതായി നീതി ആയോഗ്.

കോവിഡ് വാക്സിന്‍ വിതരണം; ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നീതി ആയോഗ്

കോവിഡ് വാക്സിനുകളുടെ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകൾ കൂടി ആരംഭിച്ചതായി നീതി ആയോഗ്. ഓക്സ്ഫഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടക്കും. അതേസമയം രാജ്യത്ത് 24 മണിക്കൂറിൽ 37,148 പുതിയ കേസും 587 മരണവും രേഖപ്പെടുത്തി.

രാജ്യത്ത് ഒരു ഡസനോളം കോവിഡ് വാക്സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതോടൊപ്പം വിജയിക്കുന്ന വാക്സിനുകളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച് വിപുലമായ ചർച്ചകളാണ് നടക്കുന്നത്. പ്രായം, ആരോഗ്യനില, രോഗികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം, നൽകേണ്ട രീതി, വില തുടങ്ങിയ സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ അറിയിച്ചു.

രാജ്യത്തെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം ഒന്നും രണ്ടും ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നടക്കുക. ആഗസ്റ്റിൽ പരീക്ഷണം തുടങ്ങുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദർ പൂന വാല പറഞ്ഞു. 100 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണ് ശ്രമം. ഇക്കാര്യത്തിൽ ഓക്സ്ഫഡ് സർവകലാശാലയും സിറം ഇൻസ്റ്റിറ്റ്യൂട്ടും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

നിലവിൽ രാജ്യത്ത് 11.55 ലക്ഷം കോവിഡ് ബാധിതരും 28,084 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 37,148 പുതിയ കേസും 587 മരണവും രേഖപ്പെടുത്തി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം ആയിരത്തിനു താഴെ എത്തി. പ്രതിദിന പരിശോധന 10 ലക്ഷത്തിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.