LiveTV

Live

National

സാമ്പത്തിക രംഗത്ത് വൻ വിപ്ലവത്തിന് തുടക്കം കുറിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന് 51 വയസ്

ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് സർക്കാർ 1969 ജൂലൈ 19നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്


സാമ്പത്തിക രംഗത്ത് വൻ വിപ്ലവത്തിന് തുടക്കം കുറിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന് 51 വയസ്

രാജ്യം സാമ്പത്തിക രംഗത്ത് വൻ വിപ്ലവത്തിന് തുടക്കം കുറിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന് 51 വയസ് പിന്നിടുകയാണ്. ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് സർക്കാർ 1969 ജൂലൈ 19നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്.

നിലവിൽ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ 70% നിയന്ത്രിക്കുന്നത് ഈ ബാങ്കുകളാണ്. ബാങ്കിങ് കമ്പനീസ് ഓർഡിനൻസ് എന്ന പേരിലാണ് പ്രത്യേക നിയമം പാസാക്കി ദേശസാൽക്കരണം നടപ്പാക്കിയത്. ദേശസാൽക്കരണം നടപ്പാക്കുന്നതുവരെ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നത് എസ്.ബി.ഐ മാത്രമായിരുന്നു. 1955 ൽ ആണ് എസ്.ബി.ഐയെ പൊതുമേഖലയിൽ കൊണ്ടുവന്നത്. അതുവരെ ഇംപീരിയൽ ബാങ്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ദേശസാൽക്കരണ നടപടികളിലേക്ക് വഴിവച്ചത് രണ്ടു കാരണങ്ങളാണ്. സ്വകാര്യ ബാങ്കുകൾ എന്ന നിലയിൽ ഇവയുടെ പ്രവർത്തനം സാധാരണക്കാർക്ക് ഗുണം ചെയ്തിരുന്നില്ല. നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കാതായി. പലർക്കും നിക്ഷേപം നഷ്ടപ്പെട്ടു. കാർഷിക മേഖലയെ ബാങ്കുകൾ അവഗണിച്ചതാണ് രണ്ടാമത്തെ കാരണം.

1947-1955 കാലയളവിൽ ഏകദേശം 361 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഗ്രാമീണ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശാഖകൾ തുറന്ന് ബാങ്കിങ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ദേശസാൽക്കരണം വഴിതുറന്നു. സാധാരണക്കാരിലേക്ക് ബാങ്കിങ്ങ് പ്രവർത്തനങ്ങൾ ഇറങ്ങി ചെന്നു. കർഷകർ കർക്കും ചെറുകിട വ്യവസായികൾക്കും ബാങ്കുകളുടെ ദേശസാത്കരണം ഗുണം ചെയ്തു. ദേശസാത്കരണം ഇന്ദിരാ ഗാന്ധിക്ക് വലിയ ഇമേജ് ആണ് നൽകിയത്. കോൺഗ്രസ് പാർട്ടി നേതൃത്വം ദേശസാത്കരണത്തിന് എതിരായിരുന്നു.

1960 മുതൽ ബാങ്കുകളുടെ ദേശസാൽക്കരണം ചർച്ചാ വിഷയമായിരുന്നു. കോൺഗ്രസിൽ ഇതിനെ പ്രതികൂലിച്ച് സിൻഡിക്കറ്റ് തന്നെ രൂപംകൊണ്ടു. ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി ദേശസാത്കരണത്തെ എതിർത്തു. പക്ഷേ വളരെ രഹസ്യമായി ഇന്ദിരാ ഗാന്ധി മുന്നോട്ട് പോയി. കോൺഗ്രസ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് ഇന്ദിരാ 14 ബാങ്കുകളുടെ ദേശസാത്കരണം പ്രഖ്യാപിച്ചു. മൊറാർജി ദേശായി ധനകാര്യ മന്ത്രി സ്ഥാനം രാജിവെച്ചു. പാർട്ടിയിലെ തനിക്കെതിരെയുള സിൻഡിക്കേറ്റിനെ ഒതുക്കാൻ ഇതിലൂടെ ഇന്ദിരക്കായി. സാമ്പത്തിക വിദഗദ്ധരും വലതു പക്ഷ രാഷ്ട്രീയക്കാരും തീരുമാനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ബാങ്കുകളുടെ ദേശസാത്കരണം രാജ്യത്തെ ഇടതുപക്ഷക്കാരുടെ പിന്തുണ ഇന്ദിരക്ക് നേടിക്കൊടുത്തു. അവർ കൂടുതൽ ശക്തയായി.

11 വർഷത്തിനു ശേഷം 1980 ൽ ആറു ബാങ്കുകളെ കൂടി സർക്കാർ നിയന്ത്രണത്തിലാക്കി. എന്നാൽ അര നൂറ്റാണ്ട് പിന്നിട്ടിട്ടും പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടത്തിന്‍റെ പിടിയിലാണ്. മൊത്തം വായ്പയുടെ 10 ശതമാനത്തിലധികം കിട്ടാക്കടമാണ്. ഏറ്റവും പുതിയ കണക്കു പ്രകാരം കിട്ടാക്കടത്തിന്‍റെ തോത് 10 ലക്ഷം കോടിക്ക് മുകളിലാണ്. നിലനിലനിൽപ്പിനായി പല ദേശസാത്കൃത ബാങ്കുകൾ ലയിച്ച് ഒന്നാവുകയാണ് ഇപ്പോൾ.