ബുലന്ദ്ഷഹർ കൊലപാതകക്കേസ് പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല
കേസിൽ പിടിയിലായി ജാമ്യത്തിലറങ്ങിയ പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി

ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക്കേസ് പ്രതി ബി.ജെ.പി നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത്. കുപ്രസിദ്ധമായ യു.പി ബുലന്ദ്ഷഹർ കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ സുബോദ് കുമാർ സിംഗിനെ കൊലപ്പെടുത്തിയ പ്രതി ശിഖര്‍ അഗര്‍വാളാണ് ബി.ജെ.പി ജില്ല അധ്യക്ഷൻ അനിൽ സിസോദിയയുമായി വേദി പങ്കിട്ടത്.
2018ല്‍ പശുക്കടത്തിന്റെ പേരിൽ ഗോരക്ഷാ ഭീകരർ അക്രമം ആഴിച്ചുവിട്ട ബുലന്ദ്ഷഹറിൽ നിയോഗിക്കപ്പെട്ട എസ്.ഐ സുബോദ് കുമാറിനെ വെട്ടിപരിക്കേൽപ്പിച്ചും, വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന് അകത്ത് നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്.
ഈ കേസിൽ പിടിയിലായി ജാമ്യത്തിലറങ്ങിയ പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി. എന്നാൽ പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രചാരണ ചുമതല നിർവ്വഹിക്കുന്ന സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വിശദീകരണവുമയായി അനിൽ സിസോദിയ രംഗത്തെത്തി.
കേസിൽ ജാമ്യത്തിലിറങ്ങിയ സമയം ശിഖര്‍ അഗര്‍വാളിനേയും സംഘത്തേയും ജയ് ശ്രീറാം മുഴക്കി അണികൾ ആനയിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.