LiveTV

Live

National

അവസാനത്തെ ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം: സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്

രാജസ്ഥാനിലെ വിജയത്തിൽ നിർണായക പങ്കാളിയായ സച്ചിനെയും എംഎൽഎമാരെയും പുറത്താക്കുന്നതിൽ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും യോജിപ്പില്ല.

അവസാനത്തെ ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം: സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. അവസാനത്തെ ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റിന് നല്‍കിയേക്കും. അതിനിടെ സച്ചിനും എംഎല്‍എമാരും തങ്ങുന്ന ഹോട്ടല്‍ ക്വാറന്റൈന്‍ സെന്ററായി പ്രഖ്യാപിച്ചു..

ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷൻ എന്നീ പദങ്ങളിൽ നിന്ന് സച്ചിൻ പൈലറ്റിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം അതിവേഗത്തിലാണ് കോൺഗ്രസ് കൈകൊണ്ടത്. എന്നാൽ ബിജെപിയിലേക്ക് ഇല്ല എന്ന ഉറച്ച നിലപാട് സച്ചിൻ സ്വീകരിച്ചതോടെ നീക്കങ്ങൾ മാറി. പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് എന്ന ക്ഷണവും ഒപ്പം ബിജെപി നീക്കമില്ലെങ്കിൽ ഹോട്ടലിൽ നിന്ന് ഇറങ്ങിവരൂ എന്ന വെല്ലുവിളിയുമാണ് കോൺഗ്രസ് നടത്തിയത്. രാജസ്ഥാനിലെ വിജയത്തിൽ നിർണായക പങ്കാളിയായ സച്ചിനെയും എംഎൽഎമാരെയും പുറത്താക്കുന്നതിൽ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും യോജിപ്പില്ല. ഇക്കാര്യം രാഹുൽഗാന്ധി നേതാക്കളെ അറിയിച്ചു.

മുഖ്യമന്ത്രിസ്ഥാനം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സച്ചിൻ. അവസാന ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനം നൽകി പ്രശ്നം പരിക്കാൻ ഹൈക്കമാണ്ട് നിർദേശിച്ചേക്കും. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്, മാധ്യമങ്ങളോട് പ്രതികരിക്കൽ, സൗന്ദര്യം ഇവയല്ല ഒരു നേതാവിനു വേണ്ടത് എന്ന മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രതികരണത്തിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.

അതേസമയം സച്ചിൻ അടക്കം 18 എംഎൽഎമാരോട് 2 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട് സ്‍പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇന്ന് മറുപടി നൽകിയേക്കും.

ഇതിനിടെ സച്ചിൻ ക്യാമ്പ് തങ്ങുന്ന ഹരിയാന മനേസറിലെ ഹോട്ടൽ പെട്ടെന്ന് കോവിഡ് ക്വാറന്റൈന്‍ കേന്ദ്രമാക്കി. നടപടിക്ക് പിന്നിലെ കാരണമോ ഹോട്ടലിൽ എത്ര പേർ ഉണ്ട് എന്നോ വ്യക്തമാക്കാൻ അധികൃതർ തയ്യാറായില്ല.