LiveTV

Live

National

മധ്യപ്രദേശില്‍ കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് ദലിത് കുടുംബത്തെ തല്ലിച്ചതച്ചു

പൊലീസ് അതിക്രമം വിവാദമായതോടെ ഗുണ എസ്.പിയെയും കലക്ടറേയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു


മധ്യപ്രദേശില്‍ കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് ദലിത് കുടുംബത്തെ തല്ലിച്ചതച്ചു

ഭൂമിയേറ്റെടുക്കലിന്‍റെ പേരിൽ മധ്യപ്രദേശിലെ ഗുണയിൽ ദലിത് കുടുംബത്തെ കുടിയിറക്കാനായി പൊലീസ് അതിക്രമം. കുടിയിറക്കാനുള്ള ശ്രമത്തിനിടെ ക൪ഷകരായ ദലിത് ദമ്പതികൾ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് അതിക്രമം വിവാദമായതോടെ ഗുണ എസ്.പിയെയും കലക്ടറെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.

ഗുണയിലെ ജഗന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോളജിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു കൃഷി നടത്തിവരികയായിരുന്നു രാജ്കുമാര്‍ അഹിര്‍വാറും കുടുംബവും. പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസിന് മുന്നില്‍ ദമ്പതികള്‍ വിഷം കഴിച്ചു. എന്നാല്‍ പിടിച്ചുമാറ്റാന്‍ പൊലീസ് തയ്യാറായില്ല.

പിന്നാലെ ഇവരെ വാഹനത്തില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ചു നിന്നു. പൊലീസ് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ചിന്താഗതിക്കും അനീതിക്കുമെതിരെയാണ് പോരാട്ടമെന്ന് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.