LiveTV

Live

National

ഫോട്ടോഗ്രഫിയോട് പെരുത്തിഷ്ടം; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍

കര്‍ണാടകയിലെ ബെല്‍ഗാവി സിറ്റിയില്‍ പണിത ഈ വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ കറങ്ങിനടക്കുകയാണ്


ഫോട്ടോഗ്രഫിയോട് പെരുത്തിഷ്ടം; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍

കര്‍ണാടക സ്വദേശിയായ രവി ഹോംഗലിന് ഫോട്ടോഗ്രഫി ഒരു പ്രൊഫഷന്‍ മാത്രമല്ല, അതയാളുടെ ജീവശ്വാസം കൂടിയാണ്. ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം മൂത്ത് ക്യാമറയുടെ രൂപത്തില്‍ ഒരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് രവി. കര്‍ണാടകയിലെ ബെല്‍ഗാവി സിറ്റിയില്‍ പണിത ഈ വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ കറങ്ങിനടക്കുകയാണ്.


ഫോട്ടോഗ്രഫിയോട് പെരുത്തിഷ്ടം; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍
രവി ഹോംഗലും കുടുംബവും

കഴിഞ്ഞ 33 വര്‍ഷമായി ഫോട്ടോഗ്രഫറായി ജോലി ചെയ്യുകയാണ് രവി. 49കാരനായ രവിയുടെ സ്വപ്നമായിരുന്നു ക്യാമറ രൂപത്തില്‍ ഒരു വീട്. ഈയിടെയാണ് ആ സ്വപ്നം സാക്ഷാത്ക്കരിച്ചത്. കാണാന്‍ കൌതുകമുണ്ടെങ്കിലും ക്യാമറ വീട് നിര്‍മ്മിക്കല്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് രവി പറയുന്നു. '' ഫോട്ടോഗ്രഫിയെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും ഞാനിഷ്ടപ്പെടുന്നു. കാലങ്ങള്‍ കഴിഞ്ഞെങ്കിലും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. ക്യാമറ പോലെ തോന്നിക്കുന്ന ഒരു വീട് പണിയുകയെന്നത് എന്‍റെ ദീർഘകാല സ്വപ്നമായിരുന്നു, പക്ഷേ അത് എങ്ങനെ നിർമ്മിക്കണമെന്ന് എനിക്കറിയില്ലായിരുന്നു - ആശയം നടപ്പിലാക്കുന്നതിലും സാമ്പത്തികമായും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും രവി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. വര്‍ഷങ്ങളെടുത്തുകൊണ്ടാണ് ആ സ്വപ്നം സഫലമാക്കിയത്. ആര്‍കിടെക്റ്റുകളും എഞ്ചിനീയര്‍മാരും അതിന് സഹായിച്ചതായും രവി കൂട്ടിച്ചേര്‍ത്തു.


ഫോട്ടോഗ്രഫിയോട് പെരുത്തിഷ്ടം; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍

വീടിന് അകവും പുറവുമെല്ലാം ക്യാമറയുമായി ബന്ധപ്പെട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു വലിയ ക്യാമറ വച്ചിരിക്കുന്നത് പോലെ തോന്നും വീട് കണ്ടാല്‍. പ്രമുഖ ക്യാമറ കമ്പനികളായ കാനന്‍, നിക്കോണ്‍, എപ്സണ്‍ എന്നിവയുടെ പേരുകളും ചുവരുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ഇത് തന്നെയാണ് രവിയുടെ മൂന്ന് മക്കളുടെ പേരും. കാനല്‍ ഹോംഗല്‍(20), നിക്കോണ്‍ ഹോംഗല്‍(18), എപ്സണ്‍ ഹോംഗല്‍(13) എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂന്ന് നിലയുള്ള വീടിന്‍റെ ഓരോ നിലയും മക്കള്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് രവി.ക്ലിക്ക് എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ആ പ്രദേശത്ത് മുഴുവന്‍ കൌതുകമായി മാറിയിരിക്കുകയാണ് രവിയുടെ വീട്. സെല്‍ഫി എടുക്കാനും കാണാനുമൊക്കെയായി ആളുകള്‍ ഇവിടെയെത്താറുണ്ട്.