LiveTV

Live

National

കുറച്ചു കാലത്തേക്കുള്ള ലോക്ക്ഡൌണ്‍ കോവിഡ് വ്യാപനം തടയുന്നില്ലെന്ന് വിദഗ്ധര്‍

കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡിന്‍റെ സമൂഹവ്യാപനം വൈകിപ്പിക്കുകയേ ഉള്ളുവെന്നും വിദഗ്ധര്‍

കുറച്ചു കാലത്തേക്കുള്ള ലോക്ക്ഡൌണ്‍ കോവിഡ് വ്യാപനം തടയുന്നില്ലെന്ന് വിദഗ്ധര്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആദ്യം നിയന്ത്രണങ്ങളും കര്‍ഫ്യൂവും പിന്നെ സമ്പൂര്‍ണ ലോക്ഡൌണും അതിന് ശേഷം ഭാഗിക ലോക്ക്ഡൌണും ഇപ്പോള്‍ അണ്‍ലോക്ക് പ്രക്രിയയിലുമാണ് രാജ്യം. എന്നാലും കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ഇപ്പോഴും പ്രദേശിക ഭരണകൂടങ്ങള്‍ ലോക്ഡൌണുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയുകയാണ് രാജ്യത്തെ ഒരുപറ്റം ശാസ്ത്രജ്ഞന്മാര്‍.

ഇടവിട്ട് കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്‍. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇടവിട്ടുള്ള ലോക്ഡൗണുകളാണ് നിലവിലുള്ളത്. ഇത് ഫലപ്രദമാല്ലെന്നും, അത് സമൂഹവ്യാപനം വൈകിപ്പിക്കുകയേ ഉള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇങ്ങനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മൂലം കൊറോണ വൈറസിന്‍റെ കണ്ണികള്‍ പൊട്ടുന്നില്ല. പൂര്‍ണമായ ലോക്ഡൗണിലൂടെ മാത്രമേ വൈറസിനെ ഇല്ലാതാക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സാധിക്കുകയുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 500 ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് പഠനം നടത്തിയത്. ലോക്ഡൗണിന്‍റെ ഫലത്തെ കൃത്യമായി വിലയിരുത്താനാകില്ലെന്നും ഗവേഷകർ പറയുന്നു. കാരണം ജനങ്ങൾ നിയന്ത്രണങ്ങൾ എങ്ങനെ പാലിക്കുന്നുവെന്നും പ്രദേശിക ഭരണകൂടങ്ങൾ അവ എങ്ങനെ നടപ്പിലാക്കിയെന്നതും കൃത്യമായി വിലയിരുത്താനാകില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ചെന്നൈയിലും കോവിഡ് രൂക്ഷമായ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗളൂരുവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശും പശ്ചിമബംഗാളും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.