LiveTV

Live

National

തുടർ നീക്കങ്ങൾ പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ് വരുന്നു

17 എം.എല്‍.എമാരുടെ പിന്തുണയും ഏഴ് ശതമാനം ഗുജ്ജർ വോട്ടും വലിയ വിഭാഗം യുവാക്കളുടെ പിന്തുണയും സച്ചിനുണ്ട്

തുടർ നീക്കങ്ങൾ പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്  വരുന്നു

സച്ചിൻ പൈലറ്റിനെയും രണ്ടു മന്ത്രിമാരെയും പുറത്താക്കിയതിന് പിന്നാലെ രാജസ്ഥാനിൽ സർക്കാരിനെ സുരക്ഷിതമാക്കാനുള്ള നീക്കവുമായി കോൺഗ്രസ്. മന്ത്രിസഭ പുനസംഘടന ചർച്ചകൾ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ആരംഭിച്ചു. അതേസമയം ഇന്ന് പത്തുമണിക്ക് തുടർ നീക്കങ്ങൾ പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ് മാധ്യമങ്ങളെ കാണും. വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എം.എൽ.എമാരുടെ യോഗം ചേരും.

104 എം.എൽ.എമാരുടെ പിന്തുണ മുഖ്യമന്ത്രി അശോക് ഗഹ്‍‌ലോട്ടിന് ഉണ്ടെങ്കിലും നാല് എം.എൽ.എമാർ മറുകണ്ടം ചാടിയാൽ സർക്കാർ നിലം പതിക്കും.

അതിനാൽ ഗഹ്‍ലോട്ട് ക്യാമ്പിലേക്ക് വരാൻ ആഗ്രഹിക്കുന്ന എം.എൽ.എമാരെ സമീപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഒപ്പം നിന്ന എം.എൽ.എമാരെ ഉൾക്കൊള്ളിച്ചുകൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിക്കും. ഒഴിഞ്ഞ ഒൻപത് വകുപ്പുകളിലേക്ക് മന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചു.

ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രാഥമിക ചർച്ച നടന്നു. രണ്ട് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാൻ കഴിയും. ഒന്ന് മഹേഷ് ജോഷി ആകും. സച്ചിനെ പുറത്താക്കിയതോടെ പി.സി.സി, ഡി.സി.സി നേതാക്കളുടെയും അംഗങ്ങളുടെയും രാജി തുടരുകയാണ്. സച്ചിന്റെ മണ്ഡലമായ തോങ്കിലെ യൂണിറ്റിൽ നിന്ന് 58 പേർ രാജിവെച്ചു. അതേസമയം സച്ചിൻ എന്ത് തീരുമാനം പ്രഖ്യാപിക്കും എന്നതാണ് നിർണായകം. ബി.ജെ.പിയിലേക്ക് പോകുമോ പുതിയ പാർട്ടി പ്രഖ്യാപിക്കുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്.

17 എം.എല്‍.എമാരുടെ പിന്തുണയും ഏഴ് ശതമാനം ഗുജ്ജർ വോട്ടും വലിയ വിഭാഗം യുവാക്കളുടെ പിന്തുണയും സച്ചിനുണ്ട്. കിഴക്കൻ രാജസ്ഥാനിലെ 49 സീറ്റിൽ 42 സീറ്റുകൾ നേടിയതിൽ നിർണായ പങ്ക് സച്ചിൻ പൈലറ്റ് ഉണ്ട്. അതേസമയം മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ ഇന്ന് ജയ്പൂരിൽ എത്തി ബി.ജെ.പി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. സച്ചിൻ വന്നാൽ സ്വാഗതം ചെയ്യുമെന്ന് രാജസ്ഥാൻ അധ്യക്ഷൻ സതീഷ് പുനിയ വ്യക്തമാക്കി.

അതേസമയം, വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.