LiveTV

Live

National

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ ഉഗ്ര ശബ്ദത്തില്‍ സ്ഫോടനമുണ്ടാവുകയും ഇതേതുടര്‍ന്ന് തീ പടരുകയും ചെയ്യുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്‍റ്സ് കെട്ടിടത്തിലാണ് തീപ്പിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. രാത്രി 11 മണിയോടെയാണ് സംഭവം.

സംഭവം നടക്കുമ്പോള്‍ നാല് തൊഴിലാളികള്‍ പ്ലാന്‍റിനകത്തുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിയെ ഗജുവാകയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാന്‍റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി.വിനയ് ചന്ദ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ ജില്ലാ ഭരണകൂടം തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ചന്ദ് അറിയിച്ചു. എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ വിശാഖപട്ടണത്തുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. കഴിഞ്ഞ മാസം ഫാർമ സിറ്റിയിലെ എൽജി പോളിമർ പ്ലാന്‍റില്‍ വിഷവാതകം ചോർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.