LiveTV

Live

National

വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വിസമ്മതിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ

ചാര പ്രവർത്തനം, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്

വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വിസമ്മതിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ

വധശിക്ഷാ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് വിസമ്മതിച്ചെന്ന പാക് വാദം അടിസ്ഥാനരഹിതം എന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ നാലു വർഷമായി നടത്തുന്ന പ്രഹസനത്തിന്‍റെ തുടർച്ചയാണിത്. പുനഃപരിശോധന ഹർജി നൽകുന്നതിൽ നിന്ന് പാകിസ്ഥാൻ നിർബന്ധപൂർവ്വം കുൽഭൂഷൺ ജാദവിനെ പിന്തിരിപ്പിക്കുകയാണ്. ലഭ്യമായ അവസാന അവസരം ഇല്ലാതാക്കുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കുറ്റപ്പെടുത്തി. ദയാഹര്‍ജിയുമായി മുന്നോട്ട് പോകാനാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ തീരുമാനമെന്ന് പാക് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു.

ജൂണ്‍ 17 ന് കുല്‍ഭൂഷണിനെതിരെയുള്ള വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കാന്‍ വേണ്ടി ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ കുല്‍ഭൂഷണ്‍ ഇത് നിഷേധിക്കുകയുമായിരുന്നെന്ന് പാകിസ്ഥാന്‍ അഡീഷണല്‍ ജനറല്‍ സെക്രട്ടറി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാന്‍ ആണ് പാകിസ്താന്‍ ശ്രമമെന്നും കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഉചിതമായ വഴികള്‍ എല്ലാം തേടുമെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കാന്‍ നിയമ നടപടികള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.

2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ജാദവിനെ പാക് സേന അറസ്റ്റ് ചെയ്തത്. നാവിക സേനയില്‍ നിന്നും വിരമിച്ച കുല്‍ഭൂഷണ്‍ യാദവ് ഇറാനില്‍ ബിസിനസ് ആവശ്യത്തിന് പോയിടത്തു നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നു. 2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച് വിധി പുറത്തിറക്കി. ചാരവൃത്തി ഭീകരവാദം എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.