LiveTV

Live

National

ചൈനീസ് സേന നേരത്തെ എവിടെയാണ് ഉണ്ടായിരുന്നത്, ഇപ്പോൾ എവിടെയാണ്: ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

സൈന്യം പിൻമാറ്റം സ്ഥിരീകരിച്ചിട്ടും ചൈനീസ് കയ്യേറ്റം ഉണ്ടായതായി പ്രധാനമന്ത്രി, അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ്

ചൈനീസ് സേന നേരത്തെ എവിടെയാണ് ഉണ്ടായിരുന്നത്, ഇപ്പോൾ എവിടെയാണ്: ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ലഡാക്കിൽ ബഫർ സോൺ ഒരുക്കാനാരംഭിച്ചെങ്കിലും സംഘർഷ മേഖലയിലെ സാഹചര്യം സംബന്ധിച്ച ചോദ്യങ്ങൾ തുടരുകയാണ്. സേനകളുടെ പിൻമാറ്റം എവിടെയാണെന്നും ഏത് ദിശയിലാണെന്നും വ്യക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. സേന പെട്രോളിങ്, എല്‍എസി വിന്യാസം തുടങ്ങിയ സംബന്ധിച്ചും പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നു. ഇതിനിടെ ചൈന ഭൂട്ടാനുമായി അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ട് ആണെന്നും റിപ്പോർട്ടുകളുണ്ട്.

ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ്, പങ്കോങ് ഫിൻഗേഴ്സ് എന്നീ മേഖലകളിലാണ് ചൈനീസ് സേന പിന്മാറാൻ ആരംഭിച്ചത്. പെട്രോളിംഗ് പോയിന്‍റ് 15 ൽ പിന്മാറ്റം പൂർത്തിയായതായി സൈന്യം സ്ഥിരീകരിച്ചു. എന്നാൽ ചൈനീസ് സേന നേരത്തെ എവിടെയാണ് ഉണ്ടായിരുന്നതെന്നും ഇപ്പോൾ എവിടെയാണെന്നും വ്യക്തമാക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

സൈന്യം പിൻമാറ്റം സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി, ചൈനീസ് കയ്യേറ്റം ഉണ്ടായതായി അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് ആവശ്യം.

രാജ്യത്തെ ജനങ്ങൾ സത്യമറിയാൻ ട്രഷർ ഹണ്ട് നടത്തണമോ എന്ന് പി ചിദംബരം ചോദിച്ചു. പുതിയ പ്രോട്ടോകോളിൽ സംഘർഷ മേഖലയിലെ പെട്രോളിംഗിന് അനുവദിക്കില്ല എന്നുണ്ടോ, ബഫർസോൺ സംബന്ധിച്ച നിലപാട് എന്താണ്, എൽഎസി വിന്യാസം സംബന്ധിച്ച് വ്യക്തത വേണം എന്നിവ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാല ആവശ്യപ്പെട്ടു. എന്നാൽ ബഫർസോൺ താൽക്കാലികമാണെന്നും പെട്രോളിംഗിന് തടസ്സമില്ലെന്നുമാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം.

അതേസമയം, ചൈന ഭൂട്ടാനുമായി അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ട് ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട് . അരുണാചൽപ്രദേശുമായി അതിർത്തി പങ്കിടുന്ന ട്രാഷിഗാങ് ജില്ലയിലെ സാക്തങ് വന്യജീവി സങ്കേതത്തിനായാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. പ്രശ്നം സങ്കീർണ്ണമാക്കി ഭൂട്ടാനെയും ഇന്ത്യയും തെറ്റിക്കുക എന്ന ലക്ഷ്യം ചൈനയ്ക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.