LiveTV

Live

National

പൊലീസുകാരെ വെടിവെച്ചു കൊന്ന വികാസ് ദുബെയുടെ ബിജെപി ബന്ധം തെളിയിക്കുന്ന വീഡിയോ പുറത്ത്

കൊലക്കേസിലടക്കം തന്നെ സഹായിച്ചത് ഈ എംഎൽഎമാരാണെന്നും തനിക്ക് ഭയമില്ലെന്നും പറയുന്ന വീഡിയോ 2017ലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പൊലീസുകാരെ വെടിവെച്ചു കൊന്ന വികാസ് ദുബെയുടെ ബിജെപി ബന്ധം തെളിയിക്കുന്ന വീഡിയോ പുറത്ത്

കുപ്രസിദ്ധ കുറ്റവാളിയും പൊലീസുകാരെ വെടിവെച്ചു കൊന്ന കേസില്‍ ഒളിവില്‍ കഴിയുന്നയാളുമായ വികാസ് ദുബെയുടെ ബിജെപി ബന്ധം തെളിയിക്കുന്ന വീഡിയോ പുറത്ത്. ടൈംസ് നൌ ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ബിജെപി എംഎൽഎമാരുമായുള്ള ബന്ധം വികാസ് ദുബെ തുറന്നു സമ്മതിക്കുന്നതാണ് വീഡിയോ. കൊലക്കേസിലടക്കം തന്നെ സഹായിച്ചത് ഈ എംഎൽഎമാരാണെന്നും തനിക്ക് ഭയമില്ലെന്നും പറയുന്ന വീഡിയോ 2017ലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഹരികൃഷ്ണ ശ്രീവാസ്തവയാണ് തന്റെ രാഷ്ട്രീയഗുരുവെന്നും, രാഷ്ട്രീയത്തിലിറക്കിയത് അദ്ദേഹമാണെന്നും വികാസ് ദുബെ പറയുന്നുണ്ട്. മുലായം സിംഗ് സര്‍ക്കാരില്‍ സ്പീക്കറായിരുന്നു ഹരികൃഷ്ണ ശ്രീവാസ്തവ. തനിക്ക് കുറ്റകൃത്യങ്ങളുമായും ക്രിമിനലുകളുമായും യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. തനിക്കെതിരെയുള്ള കേസുകള്‍, സംസ്ഥാനത്ത് തന്റെ ജനപ്രീതി വര്‍ധിക്കുന്നത് കൊണ്ട് വരുന്നതാണെന്നും, അത് എതിരാളികളെ അസൂയാലുക്കളാക്കുന്നുവെന്നും ദുബെ പറയുന്നു. ബിജെപി എംഎല്‍എമാരായ അഭിജിത്ത് സംഗ, ഭഗവതി സാഗര്‍ എന്നിവരാണ് തന്നെ സഹായിച്ചതെന്നും ദുബെ പറഞ്ഞു. ഇവരുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ തനിക്കെതിരെ പോലീസ് നടപടിയുണ്ടായപ്പോള്‍ രക്ഷിച്ചത് ഇവരാണ്, ദുബെ സ്ഥിരീകരിച്ചു.

ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 16 അംഗ പോലീസ് സംഘമാണ് വികാസ് ദുബെയെ പിടികൂടാനായി ബികാരു ഗ്രാമത്തിലെത്തിയത്. കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകൾ ദുബെയുടെ പേരിലുണ്ട്.

ദുബെയെ കണ്ടെത്താനായി പാരിതോഷിക തുക വര്‍ധിപ്പിച്ചിരിക്കുകയാണ് പോലീസ്. രണ്ടരലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ഒരു ലക്ഷം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്ന് പോലീസുകാരെ സംഭവ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ വികാസ് ദുബെയുടെ ആളുകളുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.