LiveTV

Live

National

ഇന്ത്യ - ചൈന സംഘർഷം: തുടർ ചർച്ചകൾക്കായി അജിത് ഡോവലിനെ ചുമതലപ്പെടുത്തി

തർക്കം പരിഹരിക്കുന്നതിന് മധ്യസ്‌ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്ക വീണ്ടും വ്യക്തമാക്കി.

ഇന്ത്യ - ചൈന സംഘർഷം: തുടർ ചർച്ചകൾക്കായി അജിത് ഡോവലിനെ ചുമതലപ്പെടുത്തി

ഇന്ത്യ - ചൈന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തുടർ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി. ചൈനയുമായുള്ള നയതന്ത്ര ചർച്ചകൾകളിൽ ഡോവലും ഇനി പങ്ക് വഹിക്കും. അതേസമയം തർക്കം പരിഹരിക്കുന്നതിന് മധ്യസ്‌ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്ക വീണ്ടും വ്യക്തമാക്കി.

ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷങ്ങളും പ്രതിസന്ധികളും മറികടക്കാനുള്ള നിർണായക ചുമതലയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്ര സർക്കാർ ഏല്‍പ്പിച്ചത്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് ചൈനയുമായി ഉണ്ടായ അകൽച്ച പരിഹരിക്കാൻ ഉള്ള നീക്കങ്ങൾ തുടർന്ന് നടത്തുക ഡോവൽ ആയിരിക്കും. ജൂണ്‍ 15ന് 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഭവ വികാസങ്ങൾക്ക് ശേഷം പ്രതിരോധത്തിൽ ആയ കേന്ദ്ര സർക്കാരിന്റെ മുഖം രക്ഷിക്കുക എന്ന ദൗത്യം കൂടി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഉണ്ട്.

2019 ഡിസംബറിൽ ചൈനയുമായി ഡൽഹിയിൽ നടന്ന ചർച്ചകൾ നയിച്ചത് ഡോവൽ ആയിരുന്നു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി. അതിർത്തി വിഷയം ഇരുവരും ചർച്ച ചെയ്തു എന്നാണ് സൂചന. പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ അമേരിക്ക വീണ്ടും സന്നദ്ധത അറിയിച്ച് രംഗത്തെത്തി.