LiveTV

Live

National

'എന്‍റെ മകനെ കൊന്നുകളയണം': എട്ട് പോലീസുകാരെ വെടിവെച്ച് കൊന്ന കേസിലെ കുറ്റവാളിയുടെ മാതാവ്

വികാസിനെ അറസ്റ്റ് ചെയ്താലും കൊന്നുകളയണമെന്നാണ് സരളാദേവി ആവശ്യപ്പെട്ടത്.

'എന്‍റെ മകനെ കൊന്നുകളയണം': എട്ട് പോലീസുകാരെ വെടിവെച്ച് കൊന്ന കേസിലെ കുറ്റവാളിയുടെ മാതാവ്

മകനെ കൊന്നുകളഞ്ഞേക്കൂവെന്ന്‌ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ മാതാവ് സരളാദേവി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ട് പൊലീസുകാരെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ. വികാസിനെ അറസ്റ്റ് ചെയ്താലും കൊന്നുകളയണമെന്നാണ് സരളാദേവി ആവശ്യപ്പെട്ടത്.

"അവൻ പൊലീസിന് മുന്‍പില്‍ കീഴടങ്ങണം. അത് നടന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പൊലീസ് അവനെ കൊല്ലണം. പോലീസിന് അവനെ പിടികൂടാൻ കഴിഞ്ഞാലും കൊന്നുകളയണം. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ്‌ ചെയ്തത്. അവന്‍ ശിക്ഷിക്കപ്പെടണം"- എന്നാണ് സരളാദേവി പറഞ്ഞത്.

രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന് പിന്നാലെയാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാന്‍ തുടങ്ങിയതെന്ന് സരളാദേവി പറഞ്ഞു. എംഎൽഎയാവാനാണ് മുൻമന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊന്നത്. താന്‍ മകനെ കണ്ടിട്ട് നാല് മാസത്തോളമായി. ഇളയ മകന്‍റെ കൂടെ ലഖ്നാവിലാണ് താന്‍ താമസം. മകന്‍ കാരണം കുടുംബം പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയാണെന്നും സരളാദേവി പറഞ്ഞു.

ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 16 അംഗ പോലീസ് സംഘമാണ് വികാസ് ദുബെയെ പിടികൂടാനായി ബികാരു ഗ്രാമത്തിലെത്തിയത്. കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകൾ ദുബെയുടെ പേരിലുണ്ട്.

ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകുമെന്ന് കാന്‍പൂര്‍ ഐജി മോഹിത് അഗർവാൾ പറഞ്ഞു. മരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.