LiveTV

Live

National

മൂന്ന് വയസ്സുകാരനെ 'രക്ഷിച്ച്' കശ്മീര്‍ പൊലീസ് ഫോട്ടോ; നടപടി നിയമവിരുദ്ധമെന്ന് ആംനസ്റ്റി

വെടിയേറ്റ് മരിച്ച മുത്തശ്ശനരികെ മൂന്നുവയസ്സുകാരന്‍ നിസ്സഹായനായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു

മൂന്ന് വയസ്സുകാരനെ 'രക്ഷിച്ച്' കശ്മീര്‍ പൊലീസ് ഫോട്ടോ; നടപടി നിയമവിരുദ്ധമെന്ന് ആംനസ്റ്റി

കശ്മീരിലെ സോപോറില്‍ കൊല്ലപ്പെട്ട 60കാരന്‍റെ നെഞ്ചിലിരുന്ന് കരയുന്ന 3 വയസുകാരന്‍റെ ഫോട്ടോയും ദൃശ്യങ്ങളും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ശ്രീനഗറില്‍ നിന്നും ഹന്ദ്വാരയിലേക്ക് കാറില്‍ പോകുമ്പോള്‍ ബഷീര്‍ അഹമ്മദ് സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം നിഷേധിച്ച് കൊണ്ട് സൈന്യം രംഗത്തുവന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം പൊലീസ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇടപ്പെട്ട ആംനസ്റ്റി ഇന്ത്യ അധികൃതര്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെ പ്രായം കുറഞ്ഞ ദൃക്സാക്ഷിയുടെ ഫോട്ടോ പങ്കുവെക്കുന്നത് ജുവൈനല്‍ ജസ്റ്റിസ് ആക്ട് 2015ലെ ആര്‍ട്ടിക്കിള്‍ 74ന്‍റെ ലംഘനമാണെന്ന് ആരോപിച്ചു.

കശ്മീര്‍ പൊലീസിന്‍റെ കശ്മീര്‍ സോണ്‍ പൊലീസ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ഇന്നലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ പൊലീസ് പോസ്റ്റ് ചെയ്തത്. ബഷീര്‍ അഹമ്മദിന്‍റെ കൊലപാതകത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയാണ് കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചതിനെതിരെ പ്രതിഷേധം കനക്കുന്നത്.

ആരാണ് കുട്ടി മുത്തച്ഛന്‍റെ നെഞ്ചിലിരുന്ന് കരയുന്ന കുഞ്ഞിന്‍റെ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല. സുരക്ഷാസേനയിലെ ആരെങ്കിലുമാവുമെന്നാണ് നിഗമനം. സൈനിക ഓപ്പറേഷന് മൊബൈല്‍ ഫോണുമായി പോകുന്നത് തെറ്റാണെന്നും സൈനികര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഐജിപി വിജയ് കുമാര്‍ അറിയിച്ചു.

സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരന്‍ പറയുന്നത് പൊലീസാണ് മുത്തച്ഛനെ വെടിവെച്ചതെന്നാണ്. ദ വയര്‍ ആണ് കുട്ടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത്. മുത്തച്ഛന് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോള്‍ പൊലീസ് എന്നും മറുപടി.

ബഷീറിന്‍റെ കുടുംബം ഇന്നലെ തന്നെ സൈന്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറില്‍ നിന്നും വലിച്ചിറക്കി വെടിവെയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകന്‍ പറഞ്ഞു. ഭീകരരും സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെങ്കില്‍ എന്തുകൊണ്ട് കാറിന് മേല്‍ ഒരു വെടിയുണ്ടയും പതിച്ചില്ലെന്ന് ബഷീറിന്‍റെ സഹോദരന്‍ ചോദിക്കുന്നു.

എന്നാല്‍ സുരക്ഷാസേന ബഷീറിനെ വെടിവെച്ച് കൊന്നു എന്ന ബഷീറിന്‍റെ കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കശ്മീര്‍ റെയ്ഞ്ചിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ വിശദീകരിച്ചു. ഭീകരരുടെ ഭീഷണി കാരണമാണ് കുടുംബം ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്നും സൈന്യം കുട്ടിയെ രക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുടുംബം സ്ഥലത്തുണ്ടായിരുന്നോ? ആരാണ് വെടിവെക്കുന്നതെന്ന് അവര്‍ കണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സോപോര്‍ പൊലീസും കുടുംബത്തിന്‍റെ ആരോപണം നിഷേധിച്ചു.

മുത്തച്ഛനെ വെടിവെച്ചത് പൊലീസെന്ന് മൂന്ന് വയസ്സുകാരന്‍, നിഷേധിച്ച് പൊലീസ്; സോപോര്‍ ഏറ്റുമുട്ടലിനെ ചൊല്ലി വിവാദം പുകയുന്നു
Also Read

മുത്തച്ഛനെ വെടിവെച്ചത് പൊലീസെന്ന് മൂന്ന് വയസ്സുകാരന്‍, നിഷേധിച്ച് പൊലീസ്; സോപോര്‍ ഏറ്റുമുട്ടലിനെ ചൊല്ലി വിവാദം പുകയുന്നു