LiveTV

Live

National

'യുപിയില്‍ തൊഴില്‍ ഇല്ല, വിശപ്പിനേക്കാള്‍ ഭേദമാണ് കൊറോണ'; തൊഴിലാളികള്‍ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക്

യുപിയില്‍ നിന്ന് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ അതിഥി തൊഴിലാളികള്‍ പറയുന്ന കാരണം ഒന്നാണ്. യുപിയില്‍ തൊഴില്‍ ഇല്ല, വിശന്ന് മരിക്കാനാവില്ല..

'യുപിയില്‍ തൊഴില്‍ ഇല്ല, വിശപ്പിനേക്കാള്‍ ഭേദമാണ് കൊറോണ'; തൊഴിലാളികള്‍ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക്

കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം പട്ടിണിയിലായ ഉത്തർപ്രദേശിലെ 30 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ തൊഴില്‍ സ്ഥലങ്ങളിലേക്ക് മടങ്ങുന്നു. ഡല്‍ഹിയിലേക്കും മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കുമെല്ലാമാണ് ഇവര്‍ മടങ്ങുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഭയമില്ലേ എന്ന ചോദ്യത്തിന് വിശപ്പിനേക്കാള്‍ ഭേദമാണ് കൊറോണ എന്നാണ് അവരുടെ മറുപടി.

മുംബൈയിലെ ഫാക്ടറി തൊഴിലാളിയാണ് അൻസാരി. താന്‍ ജോലി ചെയ്യുന്ന ടെയ്‍ലറിങ് യൂണിറ്റ് ഇപ്പോഴും അടച്ചിരിക്കുകയാണെന്നും ഒരു മാസം മുമ്പാണ് നാട്ടിലെത്തിയതെന്നും അന്‍സാരി പറയുന്നു.

“യുപിയിൽ തൊഴിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ തിരിച്ചു പോകില്ലായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ഇതുവരെ തുറന്നിട്ടില്ല. എന്തെങ്കിലും ജോലി കണ്ടെത്താനായി ഞാൻ തിരിച്ചുപോവുകയാണ്. കൊറോണ വിശപ്പിനേക്കാൾ ഭേദമാണ്. എന്റെ മക്കൾ വിശന്ന് മരിക്കുന്നതിനെക്കാൾ ഭേദം കൊറോണ വന്ന് ഞാൻ മരിക്കുന്നതാണ്” - മുംബൈയിലേക്ക് വണ്ടി കയറുന്നതിന് മുന്‍പ് അന്‍സാരി പറഞ്ഞു.

കൊല്‍ക്കത്തയിലെ ഒരു കമ്പനിയിലെ ടെക്നിഷ്യനായ പ്രസാദ് ഹോളി സമയത്ത് നാട്ടിലെത്തിയതാണ്. ലോക്ക്ഡൌണ്‍ കാരണം തിരിച്ച് ജോലി സ്ഥലത്ത് എത്താനായില്ല. കമ്പനി തുറന്നിട്ടുണ്ട്. അതിനാല്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോവുകയാണ്- "ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. പേടിയുണ്ട് തിരിച്ചുപോവാന്‍. പക്ഷേ പോവാതിരുന്നാല്‍ എങ്ങനെ ജീവിക്കും? എങ്ങനെ കുടുംബം പുലര്‍ത്തും?" എന്നാണ് പ്രസാദിന്‍റെ ചോദ്യം.

തൊഴിലുറപ്പ് പദ്ധതി, ചെറുകിട വ്യവസായങ്ങള്‍ വഴി സംസ്ഥാനത്ത് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് യോഗി സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ മുംബൈയിലേക്ക് തിരിച്ചുപോകുന്ന 20കാരനായ എസി ടെക്നിഷ്യന്‍ മുഹമ്മദ് ആബിദ് പറയുന്നത് സര്‍ക്കാര്‍ സഹായങ്ങളൊന്നും കിട്ടിയില്ലെന്നാണ്. മുംബൈയില്‍ ജോലിയുണ്ട്. ഇവിടെ ജോലിയില്ല. അതുകൊണ്ടാണ് തിരിച്ചുപോകുന്നതെന്ന് ആബിദ് പറഞ്ഞു.

"സര്‍ക്കാര്‍ റേഷന്‍ തരുന്നുണ്ട്. പക്ഷേ വേറെയും ചെലവുകളില്ലേ? തൊഴിലുറപ്പ് പദ്ധതി അല്ലാതെ വേറെ തൊഴിലൊന്നുമില്ല ഇവിടെ. അഹമ്മദാബാദില്‍ വാടകക്ക് ഒരു ഷോപ്പുണ്ട് എനിക്ക്. ഞാന്‍ തിരിച്ചുപോയില്ലെങ്കില്‍ എങ്ങനെ വാടകക്കുള്ള തുക കണ്ടെത്തും?"- തിരിച്ചുപോകാതെ വയ്യെന്ന് രാജേഷ് കുമാര്‍ വെര്‍മ പറയുന്നു.

യുപിയില്‍ നിന്ന് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ അതിഥി തൊഴിലാളികള്‍ പറയുന്ന കാരണം ഒന്നാണ്. യുപിയില്‍ തൊഴില്‍ ഇല്ല, വിശന്ന് മരിക്കാനാവില്ല..