LiveTV

Live

National

ഡല്‍ഹിയില്‍ കോവിഡിനൊപ്പം വെട്ടുകിളി ഭീതിയും; ജാഗ്രതാനിര്‍ദേശം

വെട്ടുകിളി വൻനാശമുണ്ടാക്കിയ സംസ്ഥാനങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഫലപ്രദമാണെന്നും കേന്ദ്ര കാർഷിക മന്ത്രാലയം

ഡല്‍ഹിയില്‍ കോവിഡിനൊപ്പം വെട്ടുകിളി ഭീതിയും; ജാഗ്രതാനിര്‍ദേശം

കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരവെ ഡൽഹിയിൽ ഇരട്ടി പ്രഹരമായി വെട്ടുകിളി ഭീതിയും. അതിർത്തി പ്രദേശമായ ഗുരുഗ്രാമിൽ നിന്ന് വെട്ടുകിളികൾ നീങ്ങുന്നതിനാൽ ദക്ഷിണ ഡൽഹിയിലും പശ്ചിമ ഡൽഹിയിലും ജാഗ്രതാനിർദേശം നൽകി. വെട്ടുകിളി വൻനാശമുണ്ടാക്കിയ സംസ്ഥാനങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഫലപ്രദമാണെന്നും കേന്ദ്ര കാർഷിക മന്ത്രാലയം പ്രതികരിച്ചു.

ഇന്നലെ രാവിലെയാണ് വെട്ടുകിളി കൂട്ടം ഗുരുഗ്രാമിൽ എത്തിയത്. പടിഞ്ഞാറ് കിഴക്ക് ദിശയിൽ ആയി പല വഴിക്കായാണ് നീങ്ങുന്നത്. ദക്ഷിണ ഡൽഹിയിലെ അസോള ഭട്ടിയിൽ വെട്ടുകിളികൾ എത്തി. ഡൽഹിലേക്ക് ഇവ പ്രവേശിച്ചു കഴിഞ്ഞാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സർക്കാർ അഡ്വൈസറി ഇറക്കി.

വാതിലുകളും ജനലുകളും അടച്ചിടണം, വലിയ ശബ്ദങ്ങൾ ഉണ്ടാക്കാൻ ഉള്ള സംവിധാനങ്ങൾ സജ്ജമാക്കണം, കൃഷിയിടങ്ങളിൽ കീടനാശിനികൾ തളിക്കാനുള്ള ഉപകരണങ്ങൾ ഒരുക്കി വയ്ക്കണം തുടങ്ങിയവ നിർദേശങ്ങളിൽ പറയുന്നു. ഡൽഹി കൃഷിമന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തുന്നുണ്ട്.

അതേസമയം ഇത്തവണ ആദ്യം വെട്ടുകിളി ആക്രമണം ഉണ്ടായ സംസ്ഥാനങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായതായി കേന്ദ്ര കാർഷിക മന്ത്രാലയം അറിയിച്ചു. വെട്ടുകിളികൾ ആദ്യമെത്തിയ രാജസ്ഥാനിൽ ആണ് കൂടുതലായും ഡ്രോൺ ഉപയോഗിക്കുന്നത്. നിയമപ്രകാരം ഡ്രോൺ ഉപയോഗിച്ച് വെട്ടുകിളികളെ നേരിടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. വെട്ടുകിളി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 60 സംഘങ്ങളും 12 ഡ്രോണുകളും ആണ് നിലവിൽ പ്രവർത്തിക്കുന്നത്. മെയ് മാസം മുതലാണ് ഉത്തരേന്ത്യയിൽ വെട്ടുകിളി ശല്യം രൂക്ഷമായത്.