LiveTV

Live

National

ജാമിഅ സംഘർഷത്തില്‍ വിദ്യാർഥികളെ കുറ്റപ്പെടുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പോലീസ് അതിക്രമത്തിനെതിരെ പരാതിക്കാരായ വിദ്യാർഥികളെ തന്നെ പ്രതിയാക്കുന്ന നിലയിലാണ് എൻ.എച്ച്.ആർ.സി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജാമിഅ സംഘർഷത്തില്‍ വിദ്യാർഥികളെ കുറ്റപ്പെടുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഡല്‍ഹി ജാമിഅ സംഘർഷത്തില്‍ വിദ്യാർഥികളെ കുറ്റപ്പെടുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പ്രതിഷേധത്തിന്‍റെ അതിരുകള്‍ വിദ്യാര്‍ഥികള്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് അതിക്രമത്തിനെതിരെ പരാതിക്കാരായ വിദ്യാർഥികളെ തന്നെ പ്രതിയാക്കുന്ന നിലയിലാണ് എൻ.എച്ച്.ആർ.സി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ വിദ്യാർഥികൾ സംഘം ചേർന്നത് നിയമ വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട് . പോലീസ് നടപടി ക്ഷണിച്ചു വരുത്തുകയായിരുന്നു, ഡിസംമ്പർ 15ലെ പ്രതിഷേധത്തിൽ വിദ്യാർഥികൾ അക്രമാസക്തരായി, സർക്കാരിൻ്റെയും സ്വകാര്യ വ്യക്തികളുടേയും വസ്തുവകകൾ നശിപ്പിച്ചു, ഭരണഘടന ഉറപ്പു നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തിൻ്റെ പരിധികളെല്ലാം വിദ്യാർഥികൾ ലംഘിച്ചു. പ്രതിഷേധത്തിനു പിന്നിലെ യഥാർത്ഥ നടന്മാരെ തിരിച്ചറിയണം, അവരുടെ ഉദ്ദേശം എന്തെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം ഡൽഹി പോലീസ് കൂടുതൽ സേനയെ ലൈബ്രറിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും വിദ്യാർത്ഥികളെ അവിടെ വെച്ച് മർദ്ദിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പരാമർശമുണ്ട്. ടിയർ ഗ്യാസ് ഉൾപ്പെടെ ലൈബ്രറിയിൽ പോലീസ് ഉപയോഗിച്ചത് ഉത്തരവാദിത്വമില്ലായ്മയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷനംഗം എസ്.എസ്.പി മൻസിൽ സൈനിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥികൾ ആക്രമണത്തിന് ഇരയായി ഏഴ് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. കമ്മീഷൻ റിപ്പോർട്ട് നിരാശപ്പെടുത്തുന്നതാണെന്ന് ജാമിയ വിദ്യാർത്ഥികൾ പ്രതികരിച്ചു.