LiveTV

Live

National

പാംഗോഗ് നദീതീരത്ത് ചൈനയുടെ ഹെലിപ്പാട്: അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പിന്മാറാതെ ചൈന

ഗാല്‍വനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രം പുറത്ത്. പ്രദേശത്ത് അധിക സൈനിക വിന്യാസവും; ചൈന പിന്തിരിയാതെ സമാധാനം പുനഃസ്ഥാപിയ്ക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ

പാംഗോഗ് നദീതീരത്ത് ചൈനയുടെ ഹെലിപ്പാട്: അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പിന്മാറാതെ ചൈന

പാംഗോഗ് തടാകതീരത്ത് ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഈ ഭാഗത്ത് ചൈന സൈനിക ബലം വര്‍ധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വാന്‍ മേഖലയുടെ മേല്‍ ചൈന അവകാശവാദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. താടകത്തിന്‍റെ വടക്കൻ കരയിലാണ് നിർമാണം. ഫിംഗർ 4നും ഫിംഗർ 5നും ഇടയിലെ പ്രദേശമാണിത്. ഫിംഗർ പോയിന്‍റ് 3യിലാണ് ഇന്ത്യൻ സൈനിക ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്.

ഇന്തോ ചൈന അതിര്‍ത്തി തര്‍ക്കം നടക്കുന്ന ഗാല്‍വാന്‍ താഴ്വരയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു മാസം മുമ്പ് വിജനമായിരുന്നയിടത്താണ് ചൈന ക്യാമ്പ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്പനിയായ മാക്സാര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴ്‍വരയില്‍ ക്യാമ്പ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്.

കിഴക്കൻ ലഡാക്കിലെ ഏഴ് സ്ഥലങ്ങളിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഗൽവാനിലെ മൂന്ന് കിലോമീറ്റർ പിടിച്ചെടുക്കാനും ചൈന ശ്രമിക്കുന്നുണ്ട്. പാംഗോഗ് തടാകത്തിന് വടക്ക് വശത്തായാണ് കൂടുതൽ സൈനികർ വിന്യസിച്ചിരിക്കുന്നത്. സംഘർഷാവസ്ഥയുള്ള പാംഗോങിൽ എട്ട് കിലോമീറ്ററോളം ദൂരമാണ് ചൈന അതിക്രമിച്ചു കയറിയത്. കഴിഞ്ഞ എട്ട് ആഴ്ചയായി ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഹെലിപാഡ് നിർമാണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.