LiveTV

Live

National

വാട്സ്ആപ്പില്‍ കണ്ടത് വിശ്വസിച്ച് സിപിഎമ്മിനെതിരെ ആരോപണം; വിവാദമായതോടെ ബിജെപി ജനറല്‍ സെക്രട്ടറി മാപ്പ് പറഞ്ഞു

വാട്സ്ആപ്പ് കഥകളെ താൻ ഒരിക്കലും വിശ്വസിക്കാറില്ല. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് അയച്ചുതന്നതുകൊണ്ടാണ് വിശ്വസിച്ചതെന്ന് രാംമാധവ്

വാട്സ്ആപ്പില്‍ കണ്ടത് വിശ്വസിച്ച് സിപിഎമ്മിനെതിരെ ആരോപണം; വിവാദമായതോടെ ബിജെപി ജനറല്‍ സെക്രട്ടറി മാപ്പ് പറഞ്ഞു

വ്യാജ വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ഗൽവാനിലുണ്ടായ സംഘർഷത്തിന് കാരണം ഇന്ത്യൻ സൈന്യമാണെന്ന് സിപിഎം ബംഗാൾ മുഖപത്രമായ ഗണശക്തി റിപ്പോർട്ട് ചെയ്തെന്നാണ് രാംമാധവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

സിപിഎം നേതാവ് മുഹമ്മദ് സലീം തന്നെ പരാമർശത്തിനെതിരെ രംഗത്തെത്തി. വാട്‌‌സ്‌ ആപ്പിൽ ലഭിക്കുന്ന വ്യാജ പ്രചാരണമാണ് ബിജെപി ദേശീയ നേതാവ് സിപിഎമ്മിനെതിരെ ഉയർത്തുന്നത് എന്നായിരുന്നു മുഹമ്മദ് സലീമിന്‍റെ ട്വീറ്റ്. ഗണശക്തി ഓണ്‍ലൈനില്‍ ലഭ്യമാണെന്നും രാംമാധവ് ഏതെങ്കിലും ബംഗ്ല പരിഭാഷകന്റെ സഹായം തേടണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നതോടെ രാം മാധവ് ട്വീറ്റിലൂടെ ക്ഷമ ചോദിച്ചു- "മുഹമ്മദ് സലീം പറഞ്ഞത് ശരിയാണ്. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. വാട്സ്ആപ്പ് കഥകളെ ഞാൻ ഒരിക്കലും വിശ്വസിക്കാറില്ല. പക്ഷേ ഇത് ബംഗാളില്‍ നിന്നുള്ള ആദരണീയനായ മുതിര്‍ന്ന നേതാവ് അയച്ചുതന്നതാണ്. അതുകൊണ്ടാണ് വിശ്വസിച്ചത്".