LiveTV

Live

National

അമ്മയ്ക്ക് വയ്യ, വീട്ടില്‍ എരുമയെ നോക്കാനാളില്ല: ലീവ് അപേക്ഷയുമായി പൊലീസുകാരന്‍

മധ്യപ്രദേശിലെ ഒരു പൊലീസുകാരന്‍റെ അവധിക്കുള്ള അപേക്ഷ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അമ്മയ്ക്ക് വയ്യ, വീട്ടില്‍ എരുമയെ നോക്കാനാളില്ല: ലീവ് അപേക്ഷയുമായി പൊലീസുകാരന്‍

രാജ്യം മുഴുവന്‍ കോവിഡ് നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്നവരാണ് പൊലീസുകാരും. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞതിന് ശേഷം പലര്‍ക്കും ലീവോ മതിയായ വിശ്രമമോ ലഭിച്ചിട്ടില്ല. കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ ജോലിയെടുത്ത് തളര്‍ന്ന ഒരു പൊലീസുകാരന്റെ അവധിക്കുള്ള അപേക്ഷ ഇപ്പോള്‍ വൈറലായിരിക്കുകുയാണ്. അവധിക്കുള്ള കാരണമാണ് ഒരേ സമയം കൌതുകവും വിചിത്രവുമായത്. വീട്ടിലെ എരുമയെ നോക്കാനാളില്ലെന്ന് പറഞ്ഞാണ് ഈ പൊലീസുകാരന്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ കോണ്‍സ്റ്റബിളാണ് ലീവില്‍ പോകാന്‍ ഇത്തരമൊരു അപേക്ഷ നല്‍കിയത്. ഇപ്പോള്‍ പൊലീസ് ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ആറ് ദിവസത്തെ അവധിയ്ക്കാണ് ഈ പൊലീസുകാരന്‍ അപേക്ഷിച്ചിട്ടുള്ളത്.

''കഴിഞ്ഞ രണ്ടു മാസമായി അമ്മയ്ക്ക് നല്ല സുഖമില്ല. എനിക്ക് വീട്ടില്‍ ഒരു എരുമ കൂടിയുണ്ട്. ഈ അടുത്ത ദിവസമാണ് അവള്‍ പ്രസവിച്ചത്. അവളെ നോക്കാനോ ശ്രുശ്രൂഷിക്കാനോ വീട്ടില്‍ വേറെയാരുമില്ല..'' - അതിനാല്‍ തനിക്ക് ആറുദിവസത്തെ ലീവ് അനുവദിക്കണമെന്നാണ് പൊലീസുകാരന്‍റെ ലീവപേക്ഷയിലുള്ളത്.

കൂടാതെ ഈ എരുമയ്ക്ക് എന്‍റെ ജീവിതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ടെന്നും തനിക്ക് പൊലീസില്‍ ജോലി കിട്ടാന്‍ കാരണക്കാരി എന്‍റെ എരുമയാണെന്നും ഈ പൊലീസുകാരന്‍ കത്തില്‍ വിശദീകരിച്ചിരിക്കുന്നു. ''അവള്‍ നല്‍കിയ പാല്‍ കുടിച്ചാണ് ഞാന്‍ റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുത്തത്. ഇപ്പോള്‍ അവള്‍ക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്'' - എന്നും അപേക്ഷയിലുണ്ട്.

അവധി അപേക്ഷയെ അതിന്‍റേതായ ഗൗരവത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്നും അവധി നല്‍കുമെന്നും മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കി.