LiveTV

Live

National

10, 12 ക്ലാസുകളിലെ ഫലനിര്‍ണയത്തിന് പുതിയ വിഞ്ജാപനവുമായി സിബിഎസ്‍സി

ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും.

10, 12 ക്ലാസുകളിലെ ഫലനിര്‍ണയത്തിന് പുതിയ വിഞ്ജാപനവുമായി സിബിഎസ്‍സി

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സിബിഎസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബദൽ മൂല്യ നിര്‍ണയം വിശദീകരിച്ച് സിബിഎസ്ഇ ഇറക്കിയ പുതിയ വിജ്ഞാപനത്തിന് സുപ്രീംകോടതി അംഗീകാരവും നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കൾ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി. ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന് സിബിഎസ്ഇ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സമാനമായ സമാന മാതൃകയിലുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കുമെന്ന് ഐസിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ബദൽ മൂല്യ നിര്‍ണയം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

വിജ്ഞാപനമനുസരിച്ച് മൂല്യനിര്‍ണയ രീതി ഇങ്ങനെ:

  • മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാര്‍ഥികൾക്ക് ഏറ്റവും കൂടുതൽ മാര്‍ക്കുള്ള മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് വിഷയങ്ങൾക്ക് മാര്‍ക്ക് നൽകും.

  • മൂന്നെണ്ണത്തിൽ മാത്രം പരീക്ഷ എഴുതിയ വിദ്യാര്‍ഥികൾക്ക് ഏറ്റവും കൂടുതൽ മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നൽകുക.

  • ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രം എഴുതിയവര്‍ക്ക് വിഷയങ്ങളോടൊപ്പം ഇന്റേണൽ മാര്‍ക്കുകളുടെ കൂടി അടിസ്ഥാനത്തിൽ മൂല്യനിര്‍ണയം നടത്തും.

  • രണ്ടിൽ താഴെ വിഷയങ്ങളിൽ പരീക്ഷ എഴുതിയ പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷക്കും അവസരമുണ്ടാകും.

  • പത്തിലെയും പന്ത്രണ്ടിലെയും ഫലം ജൂലൈ പതിനഞ്ചോടെ പ്രഖ്യാപിക്കും.

പത്താം ക്ലാസിലെ വിദ്യാര്‍ഥികൾക്ക് കൂടി ഇംപ്രൂവ്മെന്റിന് അവസരം നൽകി സമാനമാതൃകയിൽ നോട്ടിഫിക്കേഷൻ ഇറക്കുമെന്ന് ഐസിഎസ്ഇയും കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിന് അംഗീകാരം നൽകിയ ജസ്റ്റിസ് എഎം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബഞ്ച് ഹരജി തീര്‍പ്പാക്കി.