LiveTV

Live

National

ഡൽഹി സംഘര്‍ഷം; സാക്ഷിമൊഴികളുണ്ട്, പുതിയ കുറ്റപത്രത്തിലും കപിൽ മിശ്രയുടെ പേരില്ല

അതെ സമയം സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തെ കുറ്റപത്രത്തില്‍ പരാമർശിക്കുന്നുണ്ട്​.

ഡൽഹി സംഘര്‍ഷം; സാക്ഷിമൊഴികളുണ്ട്, പുതിയ കുറ്റപത്രത്തിലും കപിൽ മിശ്രയുടെ പേരില്ല

പൗരത്വ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ ഡൽഹി​ ​പൊലീസ് പുറത്തിറക്കിയ ഏറ്റവും പുതിയ കുറ്റപത്രത്തിലും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ്​ കപിൽ മിശ്രയുടെ പേരില്ല. കപില്‍ മിശ്രക്കെതിരെ സാക്ഷിമൊഴികള്‍ അടക്കമുണ്ടായിട്ടും കുറ്റപത്രത്തില്‍ പേരില്ലാത്തത് വലിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അതെ സമയം സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തെ കുറ്റപത്രത്തില്‍ പരാമർശിക്കുന്നുണ്ട്​. ചാന്ദ്ബാഗില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തില്‍ യോഗേന്ദ്ര യാദവ് സംസാരിച്ചിരുന്നു. എന്നാല്‍ യോഗേന്ദ്ര യാദവി​ന്‍റെ പേര് പ്രതിപ്പട്ടികയില്‍ ഇല്ല. സംഘര്‍ഷത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ്​ ഡൽഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്​.

50ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ട ഡൽഹി സംഘര്‍ഷത്തില്‍​ കപിൽ മിശ്രയടക്കമുള്ളവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ്​ കാരണമായി ആരോപിക്കപ്പെടുന്നത്​. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് സി.എ.എ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെ സംഘടിത ആക്രമണം നടത്തുകയായിരുന്നു. കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചതായി ഒരു സി.എ.എ വിരുദ്ധ സമരവേദിയില്‍ വെച്ച് വിളിച്ച് പറയുന്നതായി കേട്ടു എന്നാണ് സാക്ഷിമൊഴി. ചാന്ദ്ബാഗിലെ സമരപ്പന്തലില്‍ വെച്ചാണ് അത്തരത്തില്‍ ആളുകള്‍ പറയുന്നത് കേട്ടതെന്നും അതാണ് പ്രശ്‌നം വഷളാക്കിയതെന്നുമാണ്​ സാക്ഷിമൊഴിയിൽ പറയുന്നത്​.

എന്നാൽ പന്തൽ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടില്ല എന്നാണ്​ ഡൽഹി പൊലീസ്​ പറയുന്നത്​. സമരക്കാരെ ഇളക്കിവിടാൻ ചിലർ മനഃപ്പൂർവ്വം പ്രചാരണം നടത്തിയതാണെന്നും പൊലീസ്​ വ്യക്തമാക്കി. 76 പൊലീസുകാരും ഏഴ്​ പ്രദേശവാസികളും അടക്കം 164 സാക്ഷി മൊഴികളാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.