LiveTV

Live

National

ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കം; കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ടെന്ന് വിമര്‍ശം

അതിര്‍ത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കാര്യത്തില്‍ സൈന്യവും വിദേശകാര്യ മന്ത്രാലയവും പുറത്തിറക്കിയ പ്രസ്താവനകളില്‍ ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറി എന്നാണ് കുറ്റപ്പെടുത്തിയത്


ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കം; കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ടെന്ന് വിമര്‍ശം

ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ടെന്ന് വിമര്‍ശം. അതിര്‍ത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കാര്യത്തില്‍ സൈന്യവും വിദേശകാര്യ മന്ത്രാലയവും പുറത്തിറക്കിയ പ്രസ്താവനകളില്‍ ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറി എന്നാണ് കുറ്റപ്പെടുത്തിയത്.എന്നാല്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഈ കടന്നു കയറ്റത്തെ നിരാകരിക്കുന്നതായിരുന്നു.മോദിയുടെ വാക്കുകള്‍ നയതന്ത്രപരമായി വന്‍ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

ജൂണ്‍ 17ന് വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ചൈന ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് ഒരു കെട്ടിടം പണിയാന്‍ ശ്രമിച്ചു എന്നാണ്. അതിര്‍ത്തിയിലെ നിലവിലുള്ള അവസ്ഥയെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമമമായാണ് അദ്ദേഹം ചൈനയുടെ നീക്കത്തെ വിലയിരുത്തിയത്. ജൂണ്‍ 16ന് പുറത്തിറക്കിയ പ്രസ്താവനയിലും അതിര്‍ത്തിയിലെ തല്‍സ്ഥിതി തകര്‍ക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ചൈന അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ പക്ഷത്തേക്ക് കയറി വന്നു എന്നാണ് ഈ രണ്ടു പ്രസ്താവനകളും വ്യക്തമായി പറയുന്നത്. സൈനിക നേതൃത്വം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നതും ഇതേ കാര്യമാണ്. എന്നാല്‍ അതിര്‍ത്തിയുടെ തൊട്ടപ്പുറത്ത് ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുനിഞ്ഞുവെന്നാണ് പ്രധാനമന്ത്രി കാര്യാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ സമാപന പ്രസംഗം നടത്തവെ ഇന്ത്യയുടെ അതിര്‍ത്തിലിലേക്ക് ആരും നുഴഞ്ഞു കടന്നിട്ടില്ല എന്ന മോദിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിശദീകരണ കുറിപ്പ്.

അതിക്രമിച്ചു കടന്നു എന്ന വാക്കല്ല മോദി ഉപയോഗിച്ചത്. അതിര്‍ത്തിക്കപ്പുറത്താണ് ചൈന ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി മോദി സമ്മതിച്ചത് നയതന്ത്രപരമായ വന്‍ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ അതിര്‍ത്തിക്കിപ്പുറം കടന്ന് ആക്രമിച്ചുവെന്ന ചൈനയുടെ അവകാശവാദത്തിന് ഇത് ആക്കം കൂട്ടും. മാത്രവുമല്ല ഗാല്‍വാന്‍ താഴ്‌വരയിലെ അവകാശവാദത്തിന് ഭാവിയില്‍ ചൈനക്ക് കൂടുതല്‍ പഴുതു നല്‍കാനും വഴിയൊരുക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു തൊട്ടു പിന്നാലെ ഗാല്‍വാന്‍ താഴ്‌വര ചൈനയുടെതാണെന്ന അവകാശവാദവുമായി ദല്‍ഹിയിലെ എംബസി വിശദമായ ഒരു കുറിപ്പ് പുറത്തു വിടുകയും ചെയ്തിരുന്നു.