LiveTV

Live

National

വെന്‍റിലേറ്റർ ഓഫാക്കി കൂളര്‍ ഓണ്‍ ചെയ്തു: 40കാരന് ദാരുണാന്ത്യം

രാജസ്ഥാനിലെ കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ്​ ആശുപത്രിയിലാണ്​ സംഭവം.

വെന്‍റിലേറ്റർ ഓഫാക്കി കൂളര്‍ ഓണ്‍ ചെയ്തു: 40കാരന് ദാരുണാന്ത്യം

വെന്‍റിലേറ്റർ ഓഫ് ചെയ്ത് എയർ കൂളർ ഓണാക്കിയതിന് പിന്നാലെ 40കാരന്‍ മരിച്ചു. ബന്ധു അബദ്ധത്തില്‍ വെന്‍റിലേറ്റര്‍ ഓഫ് ആക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ്​ ആശുപത്രിയിലാണ്​ സംഭവം.

ജൂണ്‍ 13നാണ് കോവിഡ് ലക്ഷണങ്ങളോടെ 40കാരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം നെഗറ്റീവായിരുന്നു. ഐസിയുവിലെ മറ്റൊരു രോഗിയുടെ കോവിഡ് ഫലം പോസിറ്റീവായതോടെ ജൂണ്‍ 15ന് 40കാരനെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ ചൂട് ആയതിനാല്‍ ബന്ധുക്കളിലൊരാള്‍ എയര്‍ കൂളര്‍ കൊണ്ടുവന്നു. കൂളര്‍ ഓണ്‍ ചെയ്യാന്‍ സോക്കറ്റ് കാണാത്തതിനാല്‍ സ്വിച്ച്​​ ബോർഡിലുണ്ടായിരുന്ന പ്ലഗ്​ ഊരി എയർ കൂളർ ഓണാക്കുകയായിരുന്നു. രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിച്ചിരുന്ന വെന്‍റിലേറ്ററി​​​​ന്‍റെ പ്ലഗ്​ ആണ് ബന്ധു ഊരിമാറ്റിയത്​. വൈകാതെ വെന്‍റിലേറ്ററി​​​​ന്‍റെ പ്രവർത്തനം നിലച്ചു. രോഗിക്ക്​ ദേഹാസ്വസ്​ഥ്യം അനുഭവപ്പെട്ടതോടെ ഡോക്ടർമാരെത്തി പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച്​ അന്വേഷിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. നവീന്‍ സക്സേന മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി സൂപ്രണ്ട്​, നഴ്​സിങ്​ സൂപ്രണ്ട്, ചീഫ്​ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അന്വേഷിക്കുക. കൂളര്‍ ഓണ്‍ ചെയ്യാന്‍ ബന്ധു അനുമതി ചോദിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രോഗി മരിച്ചതോടെ ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും അധികൃതര്‍ പറഞ്ഞു.