LiveTV

Live

National

കോവിഡ്: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന്‍റെ ആരോഗ്യനില ഗുരുതരം

ഡല്‍ഹിയില്‍ ഹോം ക്വാറന്‍റൈയിൻ റദ്ദാക്കി ലഫ്.ഗവർണർ ഉത്തരവിറക്കി. എല്ലാ കോവിഡ് രോഗികൾക്കും 5 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈയിൻ നിർബന്ധമാക്കി

കോവിഡ്: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന്‍റെ  ആരോഗ്യനില ഗുരുതരം

കോവിഡ് 19 സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കാനാണ് സത്യേന്ദ്ര ജയിനെ സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസകോശത്തിൽ അണുബാധ വർധിച്ചതിനാൽ ഓക്സിജൻ സഹായവും നൽകുന്നുണ്ട്.

സത്യേന്ദർ ജയിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിടുന്നതിനാലാണ് ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി വെള്ളിയാഴ്ച സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്.

സർക്കാർ ആശുപത്രിയായ രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റിയിലായിരുന്നു നേരത്തെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

ഞായറാഴ്ച അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ ജയിൻ പങ്കെടുത്തിരുന്നു. സത്യേന്ദർ ജയിൻ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ജയിനിന്‍റെ ആരോഗ്യം മോശമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്.

രാജ്യത്ത് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത് 13,586 കോവിഡ് കേസുകളും 336 മരണവുമാണ്. ആകെ രോഗബാധിതർ 3,80,532 ഉം മരണം 12,573 ഉം ആയി. 2 ലക്ഷത്തിലധികം പേർക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളവർ 1,63,248 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 53.79% ആയി. 2.04 ലക്ഷം പേർക്ക് അസുഖം ഭേദമായി. കണ്ടൈൻമെൻറ് സോണുകളിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഐസിഎംആർ നിർദേശം നൽകി.

ഡൽഹിയിൽ പുതിയ 3137 കോവിഡ് കേസുകളും 66 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് രോഗികൾ 53116 ആയി. മരണ സംഖ്യ 2035 കടന്നു. ഡൽഹിയിൽ വീട്ടിലെ കോവിഡ് നിരീക്ഷണത്തിന് ശക്തമായ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഹോം ക്വാറന്‍റൈയിൻ റദ്ദാക്കി ലഫ്.ഗവർണർ ഉത്തരവിറക്കി. എല്ലാ കോവിഡ് രോഗികൾക്കും 5 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈയിൻ നിർബന്ധമാക്കി.

മഹാരാഷ്ട്രയിൽ പുതിയ 142 മരണവും 3827 കോവിഡ് കേസും കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 1,24, 331 ഉം മരണ സഖ്യ 5893 ഉം കടന്നു. ഗുജറാത്തിൽ 27 മരണവും 540 കേസും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 26198 ഉം മരണം 1619 ആയി.

കോവിഡ് ബാധിച്ച് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 59 പേര്‍ കൂടി മരിച്ചു. 41 പേര്‍ തമിഴ്‍നാട്ടിലും പത്തു പേര്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശില്‍ നാലുപേരും തെലങ്കാനയില്‍ മൂന്നു പേരും പുതുച്ചേരിയില്‍ ഒരാളുമാണ് മരിച്ചത്. ദക്ഷിണേന്ത്യയില്‍ ആകെ മരണസംഖ്യ 1091 ആയി. രോഗബാധിതരുടെ എണ്ണം 77,504 ആയി.

തമിഴ്‍നാട്ടില്‍ ആകെ രോഗബാധിതർ 54449 ആയി. 666 പേരാണ് ഇതുവരെ മരിച്ചത്. കർണാടകയിൽ രോഗബാധിതർ 8000 കടന്നു. മരണസംഖ്യ 124 ആയി. 337 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 8281 ആണ് രോഗബാധിതർ. ആന്ധ്രാപ്രദേശില്‍ 465 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ കൂടി മരിച്ചു. മരണസംഖ്യ 96 ആയി. തെലങ്കാനയി‍ല്‍ ‍499 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 198 ആയി.പുതുച്ചേരിയില്‍ 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 287 ആയി. ഏഴാണ് മരണസംഖ്യ.