LiveTV

Live

National

'രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെയ്ക്കണം': പരിക്കേറ്റ സൈനികന്‍റെ പിതാവിന്‍റെ വീഡിയോയുമായി അമിത് ഷാ

രാജ്യം ഒരുമിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ നീചരാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ

'രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെയ്ക്കണം': പരിക്കേറ്റ സൈനികന്‍റെ പിതാവിന്‍റെ വീഡിയോയുമായി അമിത് ഷാ

ഗല്‍വാന്‍ താഴ്‍വരയിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരുമിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ നീചരാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികന്റെ പിതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന വീഡിയോ സഹിതമാണ് അമിത് ഷായുടെ ട്വീറ്റ്.

'ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. രാജ്യം മുഴുവന്‍ ഒരുമിച്ച് നില്‍ക്കുന്ന ഈ സമയത്ത് രാഹുല്‍ ഗാന്ധി നീചമായ രാഷ്ട്രീയം മാറ്റിവെച്ച് രാജ്യ താത്പര്യത്തോട് ഐക്യപ്പെടണം' അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

'ഇന്ത്യന്‍ സൈന്യം കരുത്തുറ്റ സൈന്യമാണ്. ചൈനയെയും മറ്റ് രാജ്യങ്ങളെയും പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സേനക്ക് കഴിയും. രാഹുല്‍ ഗാന്ധി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. എന്റെ മകന്‍ പോരാടി. അവന്‍ ഇനിയും പോരാടും, അവന് വേഗം പരിക്കുകള്‍ ഭേദമാകാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു' എന്നാണ് സൈനികന്‍റെ പിതാവ് പറഞ്ഞത്.

20 ജവാന്മാര്‍ വീരമൃത്യു വരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിക്കുന്നത്. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണം ആസൂത്രിതമായിരുവെന്നും രാഹുല്‍ പറഞ്ഞു. പ്രശ്നം നടക്കുമ്പോൾ ഉറക്കത്തിലായിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ ആരോപണങ്ങളെ നിഷേധിക്കുകയാണ്. ആ ഉത്തരവാദിത്തമില്ലായ്മക്ക് വിലയായി നൽകേണ്ടി വന്നത് സൈനികരുടെ ജീവനാണെന്നും രാഹുൽ ഇന്നലെ ട്വീറ്റ് ചെയ്തു.