LiveTV

Live

National

ചൈനീസ് ആക്രമണം ആസൂത്രിതം, കേന്ദ്രത്തിന്‍റെ അനാസ്ഥക്ക് വിലയായി നല്‍കേണ്ടിവന്നത് സൈനികരുടെ ജീവന്‍: രാഹുല്‍ ഗാന്ധി

പ്രശ്നം നടക്കുമ്പോൾ ഉറക്കത്തിലായിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ ആരോപണങ്ങളെ നിഷേധിക്കുകയാണെന്ന് രാഹുല്‍

ചൈനീസ് ആക്രമണം ആസൂത്രിതം, കേന്ദ്രത്തിന്‍റെ അനാസ്ഥക്ക് വിലയായി നല്‍കേണ്ടിവന്നത് സൈനികരുടെ ജീവന്‍: രാഹുല്‍ ഗാന്ധി

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബോധ്യപ്പെടുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. പ്രശ്നം നടക്കുമ്പോൾ ഉറക്കത്തിലായിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ ആരോപണങ്ങളെ നിഷേധിക്കുകയാണ്. ആ ഉത്തരവാദിത്തമില്ലായ്മക്ക് വിലയായി നൽകേണ്ടി വന്നത് സൈനികരുടെ ജീവനാണെന്നും രാഹുൽ പറഞ്ഞു.

ചൈനീസ് സൈനികർ ആക്രമണത്തിന് തയ്യാറായി വരികയും പ്രകോപനം സൃഷ്ടിക്കുകയുമായിരുന്നുവെന്ന വാർത്ത ഉദ്ധരിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ആയുധങ്ങൾ ഇല്ലാതെ സൈനികരെ അതിർത്തിയിലേക്ക് അയച്ചതാരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം ചൈനീസ് പട്ടാളക്കാർ സംഘർഷമുണ്ടായ മേഖലയിൽ ട്രക്കുമായാണ് നിലയുറപ്പിച്ചതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കം ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാലയും രംഗത്ത് വന്നു.

നിരായുധരായ ഇന്ത്യൻ സൈനികരെ കമ്പി മുള്ളുകൾ ചുറ്റിയ ദണ്ഡ് കൊണ്ട് ആക്രമിച്ചുവെന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ത്യൻ സേനയെ കരുതികൂട്ടി ആക്രമിക്കാൻ വന്ന ചൈനക്കാരുടെ നീക്കം തിരിച്ചറിയാനോ അതിനനുസരിച്ച് നിരായുധരായ സൈനികർക്ക് സഹായം നൽകാനോ കഴിഞ്ഞില്ലെന്ന വിമർശനം വിവിധ ഇടങ്ങളിൽ നിന്ന് ഉയരുകയാണ്.